ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ മഹായുതിയുടെ മഹാവിജയം ദേശീയ രാഷ്‌ട്രീയത്തിൽ ഉണ്ടാക്കുന്നത് വൻ ചലനങ്ങൾ. ലോക്‌സഭയിലും രാജ്യസഭയിലും ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. 19 എംപിമാരേയാണ് മഹാരാഷ്‌ട്ര രാജ്യസഭയിലേക്ക് അയക്കുന്നത്. നിലവിൽ രാജ്യസഭയിൽ എൻഡിഎയ്‌ക്ക് കേവല ഭൂരിപക്ഷമുണ്ട്. കൂടുതൽ സീറ്റുകൾ എൻഡിഎയിലേക്ക് എത്തുന്നതോടെ പുറത്ത് നിന്നുള്ള പിന്തുണയില്ലാതെ ഏത് ബില്ലും പാസാക്കിയെടുക്കാൻ ഭരണകക്ഷിക്കാകും.
മഹാരാഷ്‌ട്രയിൽ നിന്ന് രാജ്യസഭയിലേക്ക് ഉടനടി ഒഴിവുകൾ ഇല്ലെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 10 ഒഴിവുകളുണ്ട്. ഇതിൽ പകുതിയിലേറെയും ബിജെപിക്ക് ലഭിക്കാനാണ് സാധ്യത. നോമിനേറ്റഡ് അംഗങ്ങളുടെ നാല് ഒഴിവുകളും നിലവിലുണ്ട്.
ബിജെപിക്ക് രാജ്യസഭയിൽ 96 എംപിമാരാണുള്ളത്. സഖ്യകക്ഷികളുടേതും ചേർത്ത് എൻഡിഎയുടെ അംഗസംഖ്യ 112 ആണ്. ഭരണകക്ഷിയെ പിന്തുണയ്‌ക്കുന്ന ആറ് നോമിനേറ്റഡ് അംഗങ്ങളുമുണ്ട്. പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സംഖ്യത്തിന്റെ രാജ്യസഭയിലെ ആകെ അംഗസംഖ്യ 85 ആണ്.
245 അംഗ സഭയിൽ എട്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ 237 അംഗ സഭയാണ് നിലവിലുള്ളത്. കഴിഞ്ഞ ആഗസ്റ്റിലാണ് രാജ്യസഭയിൽ എൻഡിഎ കേവലം ഭൂരിപക്ഷം നേടിയത്. ബില്ലുകൾ പാസാക്കാനുള്ള കേവല ഭൂരിപക്ഷം 119 ആണ്. അതിനാൽ ശൈത്യകാല സമ്മേളനത്തിൽ വഖ്ഫ് ബില്ല് അടക്കം പാസാക്കാൻ കേന്ദ്രസർക്കാരിന് അനായാസം സാധിക്കും.















