കൊച്ചി: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഇടതു സഹയാത്രികനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. ഓരോ വിഭാഗത്തിനും പ്രത്യേകം നിയമം നിലനിൽക്കുന്നത് രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവി പുത്തൻപുലരിയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
വഖ്ഫ് അധിനിവേശവും മുനമ്പത്തെ ഭൂമി പ്രശ്‌നത്തെയും കുറിച്ച് സംസാരിക്കവേ ആയിരുന്നു സെബാസ്റ്റ്യൻ പോളിന്റെ അഭിപ്രായം. ഏക സിവിൽ കോഡിനെക്കുറിച്ച് അവസരം കിട്ടുമ്പോഴൊക്കെ താൻ നിലപാട് പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഒരു ഭരണഘടനയ്‌ക്ക് കീഴിൽ ഒരു നിയമമെന്ന തരത്തിൽ പലയിടത്തും താൻ തുറന്നെഴുതിയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഓരോ മതത്തിന്റെയും വ്യത്യസ്തമായ വ്യക്തി നിയമങ്ങൾക്ക് അനുസരിച്ച് പോയാൽ അനിശ്ചിതമായ അവസ്ഥയുണ്ടാകും. എന്നാൽ ഏത് നിയമം കൊണ്ടുവരുമ്പോഴും ആരോഗ്യകരമായ ചർച്ചകളും ഭേദഗതികളും ഉണ്ടാകണമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യത്തെ നമ്മൾ അംഗീകരിക്കണം. എന്നാൽ രാജ്യത്ത് ഈ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന എല്ലാവർക്കും ബാധകമായ ഒരു നിയമം തന്നെ ഉണ്ടാകണം. അതുകൊണ്ടാണ് യൂണിഫോം സിവിൽ കോഡിനെ തത്വത്തിൽ അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനി കാനൻ നിയമവും മുസ്ലീങ്ങൾ വഖ്ഫ് നിയമവും ഹിന്ദുക്കൾ അവരുടെ നിയമവും നടപ്പാക്കണമെന്ന് പറഞ്ഞ് മുന്നോട്ടുപോകാൻ പറ്റില്ല. അത് വലിയ തോതിലുളള അപകടങ്ങൾക്ക് കാരണമാകും.
ഭൂമിയെ സംബന്ധിച്ചുളള അനിശ്ചിതത്വം നമ്മുടെ ജീവിതത്തെയും സാമൂഹികക്രമത്തെയും ആകെ ബാധിക്കുന്ന അപകടാവസ്ഥയാണ്. മുനമ്പത്ത് നടക്കുന്ന സമരം ന്യായമാണ്. വില കൊടുത്ത് വാങ്ങിയ ഭൂമി രഹസ്യമായി ഏകപക്ഷീയമായി അസാധുവാക്കി വഖ്ഫ് ഭൂമിയാണെന്ന് പറഞ്ഞാൽ അവിടെ ഒരു പ്രശ്‌നമുണ്ട്. അതിൽ സർക്കാരും കോടതിയും ഇടപെടണം. അതുകൊണ്ടു തന്നെ മുനമ്പത്തുകാർ നടത്തുന്ന സമരം ന്യായമാണെന്ന് പറയേണ്ടി വരുമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.















