പാലക്കാട്: സെലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റിനോട് സഹപ്രവർത്തകൻ മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷമാപണം നടത്തി പി സരിൻ. സംഭവം താൻ അറിഞ്ഞിരുന്നുവെന്നും പ്രതികരിക്കാൻ സാവകാശം കിട്ടിയില്ലെന്നുമായിരുന്നു സരിന്റെ വിശദീകരണം. പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ഹെയർ സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുന്ന ബാവ പട്ടാമ്പിയാണ് സരിനെതിരെ രംഗത്തുവന്നത്.
ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോഴാണ് താൻ പണം മോഷ്ടിച്ചതായി ആരോപിച്ചതെന്ന് ബാവ പറയുന്നു. സരിന്റെ സഹപ്രവർത്തകനായ ബോസിനെതിരെയാണ് ബാവയുടെ പരാതി. എന്നാൽ സഹപ്രവർത്തകന്റെ ഈ പെരുമാറ്റം നിരുത്തരവാദപരമായിപ്പോയെന്നാണ് സരിന്റെ പ്രതികരണം. പണം നഷ്ടമായത് എങ്ങനെയെന്ന് അറിയില്ല, ചിലപ്പോൾ മറ്റാരെങ്കിലും എടുത്തതുമാവാം. നാല് വർഷത്തിലധികമായി തനിക്ക് ബാവയെ അറിയാമെന്നും മോഷണക്കുറ്റം അദ്ദേഹത്തിന്റെ പേരിൽ ഉന്നയിച്ചത് ശരിയായില്ലെന്നും സരിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി തന്നെ ബാവ വിളിച്ചിരുന്നു. എന്നാൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല. രാവിലെ തിരികെ വിളിക്കുമ്പോഴേക്കും അദ്ദേഹം പരാതിയുമായി മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും സരിൻ പറഞ്ഞു. ഫോട്ടോഷൂട്ട് മുതൽ വോട്ടെണ്ണുന്നതിന് തലേന്ന് വരെ സരിനെ ഒരുക്കിയത് ബാവയാണ്. വോട്ടെണ്ണലിന്റെ തലേന്ന് ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചത്. 35,000 രൂപ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. താൻ സരിന്റെ വീട്ടിൽ നിന്ന് പോയതിന് ശേഷം പണം നഷ്ടമായതായി മനസിലായെന്നും അത് താനെടുത്തു എന്ന രീതിയിലായിരുന്നു സംസാരമെന്നുമായിരുന്നു ബാവ പറഞ്ഞത്. സംഭവത്തിൽ സരിന്റെ സഹപ്രവർത്തകനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബാവ പട്ടാമ്പിയുടെ തീരുമാനം.















