സാധാരണയായി വിഷ്ണു ക്ഷേത്രങ്ങളിൽ വെളുത്തപക്ഷ ഏകാദശിക്കാണ് പ്രാധാന്യമുള്ളത്. എന്നാൽ തൃപ്രയാർ ക്ഷേത്രത്തിൽ കറുത്തപക്ഷ ഏകാദശിക്കാണ് പ്രാധാന്യം. തൃപ്രയാറപ്പന്റെ ശിവചൈതന്യത്താലാണ് കറുത്തപക്ഷ ഏകാദശിക്ക് പ്രാമുഖ്യം നൽകുന്നത്.വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ഏകാദശിയിലാണ് പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ആചരിക്കുന്നത്. വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്തപക്ഷത്തിലെ ഏകാദശി തൃപ്രയാർ ഏകാദശി എന്നുമാണ് അറിയപ്പെടുന്നത്.
കേരളത്തിലെ പ്രസിദ്ധമായ രാമക്ഷേത്രമായ തൃപ്രയാർ ശ്രീ രാമക്ഷേത്രം തൃശൂർ ജില്ലയിലെ നാട്ടികയിൽ തൂതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ ശ്രീരാമചന്ദ്രനാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ത്രിമൂർത്തീചൈതന്യം നിറഞ്ഞ ദേവനാണ് തൃപ്രയാറപ്പൻ. ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ തൊഴുതു പ്രാർഥിച്ചാൽ സകല ദുരിതങ്ങളും ദാരിദ്ര്യവും നീങ്ങുമെന്നാണ് വിശ്വാസം.
വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി നവംബർ 26 ചൊവ്വാഴ്ചയാണ്. തൃപ്രയാർ ശ്രീരാമസ്വാമിക്ക് വിശേഷമായ ഈ ഏകാദശിയെ ഉല്പന്ന ഏകാദശി എന്നാണ് ഇത് ദേശീയമായി അറിയപ്പെടുന്നത്. ഭഗവാൻ ശ്രീ മഹാവിഷ്ണു മുരാസുരനെ നിഗ്രഹിച്ച ദിനമാണത്രേ ഇത്. ഗുരുവായൂർ ഏകാദശി, ധനുവിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവ പോലെ പ്രധാനമാണ് ഈ ഏകാദശി വ്രതാചരണവും. അന്ന് രാത്രി 9:07 മണി മുതൽ ബുധനാഴ്ച രാവിലെ 10:27 വരെയാണ് ഹരിവാസര വേള.
തൃപ്രയാർ ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യദർശനം പുണ്യദായകമാണ്.ഗുരുവായൂരിൽ ഏകാദശി ദിനത്തിലെ ചടങ്ങുകളുടെ സമാനമായ ചടങ്ങുകളാണ് തൃപ്രയാറും ഉള്ളത്. ഏകാദശിദിവസം രാത്രിയിൽ അന്നേദിവസം ഭഗവാനെ തൊഴുതു പ്രാർഥിച്ച് കാണിക്കയർപ്പിച്ച് പ്രാർത്ഥിക്കുന്ന ദ്വാദശിസമർപ്പണവുമുണ്ട്.
ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ചെത്തുന്നു എന്ന വിശ്വാസത്തിൽ നടത്തുന്ന മീനൂട്ട് വഴിപാടും പ്രസിദ്ധമാണ്.
ഉത്‌പന്ന ഏകാദശിദിവസത്തിലെ വ്രതം ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാർക്ക് സമർപ്പിക്കുന്ന ഉപവാസത്തിന് തുല്യമാണ്. ഈ ഏകാദശിയുടെ ആചരണം ആയിരം പശുക്കളെ ദാനം ചെയ്യുന്നതിനേക്കാളും മഹത്വമുള്ളതാണ്.
ഏകാദശി തിഥി 26 ന് പുലർച്ചെ 01:02 ന് ആരംഭിച്ച് അടുത്ത ദിവസം നവംബർ 27 ന് പുലർച്ചെ 03:48 ന് അവസാനിക്കും.















