പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇടയ്‌ക്കിടയ്‌ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ സിംഗിളല്ലെന്ന് വിജയ് ദേവരകൊണ്ട തുറന്നുപറഞ്ഞിരുന്നു. പക്ഷേ, തന്റെ പങ്കാളിയെ കുറിച്ച് ഒരു സൂചന പോലും നൽകാൻ താരം തയാറായിരുന്നില്ല. ഇതിനിടെ, രശ്മിക മന്ദാനയോടൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഒരു റെസ്റ്റോറന്റിലിരുന്ന് ഇരുവരും ഭക്ഷണം കഴിക്കുന്നതാണ് വൈറൽ ചിത്രം.

ഇവരുടെ സമീപത്തായി ഇരുന്ന ആരോ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഒരു റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സെൽഫി രശ്മികയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. രണ്ട് ചിത്രത്തിലെയും പശ്ചാത്തലവും രശ്മിക ധരിച്ചിരിക്കുന്ന വസ്ത്രവും ഒന്നുതന്നെയാണ്. ഇതോടെ അഭ്യൂഹങ്ങൾ വീണ്ടും കൊഴുക്കാൻ തുടങ്ങി. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമാണെന്നും ഇങ്ങനെ ഒളിച്ചുകളിക്കാതെ തുറന്നുസമ്മതിക്കൂവെന്നും ചിലർ പറയുന്നു.

ഇതിനിടെ വിജയ് ദേവരകൊണ്ടയുടെ അഭിമുഖവും ചിലർ കുത്തിപ്പൊക്കുന്നുണ്ട്. താൻ ഒരാളുമായി ഡേറ്റിംഗിലാണെന്നും എന്നാൽ നീണ്ട നാളത്തെ സൗഹൃദത്തിന് ശേഷമാണ് ഡേറ്റിംഗ് തുടങ്ങിയതെന്നും വിജയ് ദേവരകൊണ്ട അഭിമുഖത്തിൽ പറയുന്നു. ഉപാധികളില്ലാത്ത പ്രണയം ഇന്നത്തെ കാലത്ത് നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പ്രണയിക്കുന്നത് എങ്ങനെയെന്ന് എനിക്കറിയാം. പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്നും എനിക്കറിയാം. പക്ഷേ, പ്രണയം ഉപാധികളില്ലാത്തതാണോ എന്ന് തനിക്ക് അറിയില്ലെന്നും ഇനി അഥവാ ഉണ്ടെങ്കിൽ അതിൽ തെറ്റില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.















