പ്രാതലിനും ഊണിനും അത്താഴത്തിനുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന പാലുല്പന്നമാണ് തൈര്. ലാക്ടോബാസിലസ് ബൽഗാരിക്കസ്, സ്ട്രെപ്റ്റോകോക്കസ് തെർമോഫിലസ് തുടങ്ങിയ ഗുണകരമായ ബാക്ടീരിയകൾ ഉപയോഗിച്ച് പാൽ പുളിപ്പിച്ചാണ് തൈര് നിർമ്മിക്കുന്നത്. പ്രോബയോട്ടിക്സ്, പ്രോട്ടീനുകൾ വിറ്റാമിനുകൾ, കാൽസ്യം, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് തൈര്. ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.
1. ഹൃദയാരോഗ്യം മെച്ചപ്പെട്ടുത്തുന്നു
തൈരിന്റെ ഉപയോഗം കൊളസ്‌ട്രോളിന്റെ അളവും രക്തസമ്മർദവും നിയന്ത്രിക്കുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുളള സാധ്യത കുറയ്‌ക്കും. തൈരുപോലുള്ള പുളിയുള്ള പാലുല്പന്നങ്ങൾ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് സഹിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
2. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്
കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തൈര്. അസ്ഥികളുടെ ഉറപ്പ് കൂട്ടാനും പാലിന്റെ ആരോഗ്യത്തിനും വേണ്ട ധാതുക്കൾ തൈരിലുണ്ട്. ഇത് എല്ലുകൾ ക്ഷയിക്കുന്ന ഓസ്റ്റിയോപോറോസിസ് അവസ്ഥയുണ്ടാകാതെ തടയും.
3. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു
ഭക്ഷണത്തിൽ തൈര് ഉപയോഗിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ശരീരഭാരം കുറയ്‌ക്കാനും കഴിയും. തൈരിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ക്ഷീണം തോന്നാൻ ഇടയാക്കില്ല.
4. ദഹനം മെച്ചപ്പെടുത്തുന്നു
തൈരിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകൾ കുടലിലെ ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളെ നിലനിർത്തുന്നു.ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയൽ, അവശ്യ പോഷകങ്ങളുടെ ആഗിരണം എന്നിവയ്‌ക്ക് ഈ ബാക്ടീരിയകൾ ഗുണകരമാണ്.
5. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. തൈര് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അസുഖങ്ങൾ കുറയ്‌ക്കാനും ദോഷകരമായ രോഗകാരികളെ ഫലപ്രദമായി ചെറുക്കാനും സഹായിക്കുന്നു. ഇത് കൂടാതെ തൈരുപയോഗം മുടികൊഴിച്ചിൽ കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.