തൃശൂർ: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ. പത്തനംതിട്ട കൂടൽ സ്വദേശി ജേക്കബ് തോമസാണ് തൃശൂർ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ വച്ചാണ് പ്രതിയെ പിടികൂടുന്നത്. പാസ്റ്റർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്നും വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
ക്രിസ്ത്യൻ സഭയിലെ വൈദികനാണെന്ന് പരിചയപ്പെടുത്തിയാണ് ജേക്കബ് തോമസ് ആളുകളിലേക്ക് ഇറങ്ങിച്ചെന്നിരുന്നത്. തമിഴ്നാട്ടിലെ വിവിധ മെഡിക്കൽ കോളേജുകളിൽ സീറ്റ് തരപ്പെടുത്തി നൽകാനുള്ള പിടിപാടുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. തുടർന്ന് ഓരോ കുടുംബങ്ങളിൽ നിന്നായി ഏഴുപത് ലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിരുന്നു. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മറ്റ് സംഘാംഗങ്ങൾ നേരത്തെ പിടിയിലായിരുന്നു.
തൃശൂർ വെസ്റ്റ്, അംഗമാലി, കൊരട്ടി, പന്തളം, പാല, അടൂർ പൊലീസ് സ്റ്റേഷനുകളിൽ ജേക്കബിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. അവിടെയെല്ലാം നിരവധി രക്ഷിതാക്കളെ ഇയാൾ കബളിപ്പിച്ച് പണം തട്ടി. കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ജേക്കബ് ഒളിവിൽ പോയത്. തുടർന്ന് മലേഷ്യയിലേക്ക് കടക്കാനായി ചെന്നൈ എയർപോർട്ടിലെത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.















