ഐപിഎൽ താരലേലം ആവേശത്തിന്റെ പരകോടിയിൽ. രണ്ടാം ഘട്ടത്തിൽ ലോട്ടറിയടിച്ചത് സ്പിന്നർ യുസ്വേന്ദ്ര ചഹലിനാണ്. രാജസ്ഥാൻ കൈവിട്ട താരത്തെ 18 കോടി രൂപയ്‌ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ലക്നൗ, ചെന്നൈ ഗുജറാത്ത് എന്നിവരുടെ വെല്ലുവിളി മറികടന്നാണ് പഞ്ചാബ് സ്പിന്നറെ സ്ക്വാഡിൽ എത്തിച്ചത്. 12.25 കോടിക്ക് മുഹമ്മദ് സിറാജിനെ നെഹ്റയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് ടൈറ്റൻസിലെത്തിച്ചു. ഐപിഎല്ലിൽ സിറാജ് ആർ.സിബിക്ക് ശേഷം കളിക്കുന്ന ടീമാകും ഗുജറാത്ത്.
ആർ.സി.ബി ഇന്ന് ആദ്യമായി ടീമിലെത്തിച്ചത് ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെയാണ്. 8.75 കോടി രൂപയ്‌ക്കായിരുന്നു ബെംഗളൂരുവിന്റെ പർച്ചേയ്സ്. മുഹമ്മദ് ഷമിയെ 10 കോടിക്ക് ടീമിലെത്തിച്ച് സൺ റൈസേഴ്സ് ഹൈദരാബദും ആദ്യ താരത്തെ സ്വന്തമാക്കി. ഏവരും കാത്തിരുന്ന കെ.എൽ രാഹുലിന് വേണ്ടിയും വാശിയേറിയ പോരാട്ടം തന്നെ നടന്നു.
ചെന്നൈയും കൊൽക്കത്തയും ഡൽഹിയുു ആർ.സി.ബിയും രാഹുലിന് വേണ്ടി മുന്നിട്ടിറങ്ങി.അവസാന ലാപ്പിൽ ചെന്നൈയും ഡൽഹിയും മാത്രമായപ്പോൾ 14 കോടിക്ക് രാഹുലിനെ ഡൽഹി തട്ടകത്തിലെത്തിക്കുകയായിരുന്നു. ഏഴര കോടിക്ക് മില്ലറെ ടീമിലെത്തിച്ച് ലക്നൗവും രണ്ടാം പർച്ചേസ് നടത്തി.