സംഭാൽ: മുഗൾ കാലത്ത് പണികഴിപ്പിക്കപ്പെട്ട മസ്ജിദിന്റെ സർവേ നടപടികൾ കോടതി ഉത്തരവ് പ്രകാരം നടപ്പാക്കുന്നതിനെ എതിർത്ത് ഇസ്ലാമിസ്റ്റുകൾ. സർവേ നടപടികൾക്കായി എത്തിയവരെ കല്ലെറിഞ്ഞ് ഓടിക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയും വൻ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർവേ തടയാൻ എത്തിയ മൂന്ന് യുവാക്കളാണ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
യുപിയിലെ സംഭാൽ ഏരിയയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പണിത ഷാഹി ജമാ മസ്ജിദാണെന്ന് ആരോപണം ഉയർന്നിരുന്നു. 1529-ൽ മുഗൾ ചക്രവർത്തി ബാബർ ഹരിഹർ മന്ദിർ എന്ന ക്ഷേത്രം ഭാഗികമായി തകർത്ത് അവിടെ മസ്ജിദ് സ്ഥാപിച്ചുവെന്നാണ് പറയപ്പെടുന്നത്. വിഷയം പരാതിയായി സമർപ്പിക്കപ്പെട്ടതോടെ കോടതി ഇടപെടുകയായിരുന്നു. മസ്ജിദിന്റെ സർവേ നടത്താൻ കോടതി ഉത്തരവിട്ടു. എന്നാൽ ഇതിനായെത്തിയ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു ഒരു വിഭാഗമാളുകൾ. മൂന്ന് ദിശയിൽ നിന്നായി ആളുകൾ ഇരച്ചെത്തി. സർവേ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ജനക്കൂട്ടം അക്രമാസക്തമായതോടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്ലാസ്റ്റിക് ബുള്ളറ്റുകൾ ഉപയോഗിച്ചാണ് സംഘർഷത്തെ കൈകാര്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
പതിനഞ്ചോളം പൊലീസുകാർക്ക് സാരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു. സർവേ നടപടികൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ ഡെപ്യൂട്ടി കളക്ടർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവർ സമീപത്തെ വീടിന് മുകളിൽ നിന്ന് കല്ലെറിയുകയാണ് ചെയ്തത്.