ഐപിഎൽ താരലേലം ജിദ്ദയിൽ പുരോഗമിക്കവെ ആവേശം നിറച്ച് ടീമുകൾ. ഓൾറൗണ്ടർ വെങ്കിടേഷ് അയ്യറെ ആർ.സി.ബിയുടെ വെല്ലുവിളി മറികടന്ന് കൊൽക്കത്ത നിലനിർത്തി. 23.75 കോടിക്കാണ് താരത്തെ റാഞ്ചിയത്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സ് പഴയെ താരങ്ങളെ തട്ടകത്തിലെത്തിക്കാനാണ് ശ്രമിച്ചത്.
കോൺവെയെ 6.25 കോടിക്ക് ടീമിലെത്തിച്ചപ്പോൾ രചിൻ രവീന്ദ്രയെ 4-കോടിക്ക് ആർ.ടി.എം വഴി സ്വന്തമാക്കുകയായിരുന്നു. അശ്വിനാണ് ചെന്നൈ കുടുംബത്തിലേക്ക് മടങ്ങിയെത്തിയ മുൻതാരം രാജസ്ഥാനെ മറികടന്ന് 9.75 കോടിക്കാണ് ചെന്നൈ തമിഴ് മകനെ ടീമിലെത്തിച്ചത്. രാഹുൽ ത്രിപാഠിയെ 3.40 കോടിക്ക് വാങ്ങിയും ചെന്നൈ വേറിട്ടു നിന്നു. ഫിൽ സോൾട്ടിനെ 11.50 കോടിക്കും ജിതേഷ് ശർമയെ 11 കോടിക്കും ടീമിലെത്തിച്ച ആർ.സി.ബി നേരത്തെ ഒഴിവാക്കിയ ജോഷ് ഹേസിൽവുഡിനെ 12.50 കോടിക്കും വാങ്ങി ഞെട്ടിച്ചു.
ഹാരിബ്രൂക്കിനും ജേക് ഫ്രേസർ മക്ഗുർക്കിനും ഡൽഹി പണമെറിഞ്ഞു. യഥാക്രമം 9,6.25 കോട രൂപയ്‌ക്കാണ് ഇരുവരെയും സ്വന്തമാക്കിയത്. രണ്ട് സീസണുകളിലേറെയായി ഫോം ഔട്ടായ മാക്സ് വെല്ലിനെ മുൻ ടീമായ പഞ്ചാബ് 4.20 കോടി മുടക്കിയാണ് തട്ടകത്തിലെത്തിച്ചത്.
11കോടിക്ക് മാർക്കസ് സ്റ്റോയിനിസിനെയും പഞ്ചാബ് കൂടാരത്തിലെത്തിച്ചു. 8 കോടി രൂപയ്‌ക്ക് ഹർഷൽ പട്ടേലിനെ ടീമിലെത്തിച്ച് ഞെട്ടിച്ച സൺറൈസേഴ്സ് 11.25 കോടിക്കാണ് ഇഷാൻ കിഷനെ വാങ്ങിയത്. ലക്നൗ 2 കോടിക്ക് എയ്ഡൻ മാർക്രത്തെയും 3.40 കോടിക്ക് മിച്ചൽ മാർഷിനെയും ടീമിലെത്തിച്ചു. മുൻതാരമായ റഹ്മാനുള്ള ഗുർബാസിനെ അടിസ്ഥാന വിലയ്‌ക്ക് കൊൽക്കത്തെയും സ്വന്തമാക്കി.അതേസമയം ഈ വാർത്ത നൽകുന്നത് വരെ രാജസ്ഥാനും മുംബൈയും ആരെയും സ്വന്തമാക്കിയില്ല.