ഒഴിവാക്കണം, ഒഴിവാക്കണമെന്ന് തോന്നുമെങ്കിലും പഞ്ചസാര ഒഴിവാക്കാനേ പറ്റുന്നില്ല എന്ന് പറയുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. പഞ്ചസാരയോടുള്ള അമിത ഇഷ്ടം പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളിലേക്കും തള്ളിവിടാറുണ്ട്. ആരോഗ്യകാര്യങ്ങളിൽ വില്ലനാണ് പഞ്ചസാരയെങ്കിലും പഞ്ചസാര അടങ്ങിയ പഴവർഗങ്ങൾ ശരിയായ സമയങ്ങളിൽ ശ്രദ്ധയോടെ കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ശരീരത്തിന് ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്നതിന് പഞ്ചസാര അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിൽക്കുമ്പോഴാണ് ശരീരത്തിനാവശ്യമായ ഊർജം ലഭിക്കുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് ഉന്മേഷക്കുറവിനും തലകറക്കത്തിനും വഴിവയ്‌ക്കുന്നു. ഇതൊഴിവാക്കാനായി കടയിൽ നിന്നും ലഭിക്കുന്ന പഞ്ചസാര തന്നെ ഉപയോഗിക്കണമെന്നില്ല. പഴവർഗങ്ങളിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ധാരാളമുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ശരിയായ സമയങ്ങളിൽ കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം പ്രാദനം ചെയ്യുന്നു.
വ്യായാമത്തിന് മുമ്പ്
വ്യായായമത്തിന് 30-60 മിനിറ്റ് മുൻപായി വാഴപ്പഴം, ഈന്തപ്പഴം, തേൻ എന്നിവ കഴിക്കുന്നത് ഊർജം നൽകാൻ സഹായിക്കുന്നു. സൈക്ലിംഗ്, ഓട്ടം തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് ക്ഷീണം അകറ്റാൻ പഞ്ചസാര അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.
വ്യായാമത്തിന് ശേഷം
മിതമായ അളവിൽ വ്യായാമത്തിന് ശേഷവും പഞ്ചസാര അടങ്ങിയ പഴവർഗങ്ങൾ കഴിക്കാവുന്നതാണ്. ഇത് ക്ഷീണം അകറ്റാൻ സഹായിക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നത് വഴി ഉന്മേഷം ലഭിക്കുന്നു. ജലാംശം നിലനിർത്താനും പഴവർഗങ്ങൾ സഹായിക്കുന്നു.
രാവിലെ വെറും വയറ്റിൽ പഴവർഗങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം. ഒരു ഗ്ലാസ് വെള്ളം കുടിച്ച് അൽപ സമയത്തിന് ശേഷം പഴവർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്.