മുംബൈ: ഒടുവിൽ മൗനം വെടിഞ്ഞ് ശരദ് പവാർ. മഹാരാഷ്‌ട്രയിൽ നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് എൻസിപി (SP) നേതാവ് പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല വന്നതെന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകൾ.
“മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെ ആയില്ല. കാരണങ്ങൾ പഠിച്ച് ജനങ്ങളിലേക്ക് ചെല്ലും. ഇത് ജനവിധിയാണ്. ജനങ്ങളുടെ തീരുമാനമാണ്. ഇത്തവണ വോട്ടെടുപ്പിൽ സ്ത്രീകൾ നല്ലപോലെ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. അവർക്ക് അഡ്വാൻസായി പൈസ കിട്ടിയിരുന്നല്ലോ.. മാത്രവുമല്ല, നിലവിലുള്ള സർക്കാർ തിരിച്ചുവന്നില്ലെങ്കിൽ പദ്ധതി നിന്നുപോകുമെന്ന് അവരെ വിശ്വസിപ്പിച്ചിരുന്നു. ഒരുപക്ഷെ അതുകൊണ്ടാകാം മഹായുതി ഇത്ര വലിയ നേട്ടം കൈവരിച്ചത് “- ശരദ് പവാർ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായിരുന്നതിനാൽ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലവും അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ മഹാവികാസ് അഘാഡി സഖ്യം കുറച്ചുകൂടി വർക്ക് ചെയ്യേണ്ടതുണ്ടെന്നാണ് ജനവിധി സൂചിപ്പിക്കുന്നതെന്നും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ശരദ് പവാർ കൂട്ടിച്ചേർത്തു.
എൻസിപി നേതാവ് അജിത് പവാറിനെതിരെ യുഗേന്ദ്ര പവാറിനെ നിർത്തിയ തീരുമാനം തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാരാമതിയിലെ സ്ഥാനാർത്ഥിത്വം തെറ്റായെന്ന് കരുതുന്നില്ല. ആരെയെങ്കിലും നിർത്തിയല്ലേ മതിയാകൂവെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. അജിത് പവാറിന്റെ പക്ഷമാണ് യഥാർത്ഥ എൻസിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചുവെന്നുള്ളതും കൂടുതൽ വോട്ടുകൾ അവർ നേടിയെന്നുള്ളതും ശരി തന്നെ. പക്ഷെ ആരാണ് എൻസിപി സ്ഥാപിച്ചതെന്ന് എല്ലാവർക്കും നന്നായിട്ടറിയാമെന്നും 83-കാരനായ പവാർ പ്രതികരിച്ചു.
നിയമസഭയിലെ 288 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 132, ശിവസേന 57, എൻസിപി 41 എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്. മഹാവികാസ് അഘാഡി സഖ്യത്തിൽ ശിവസേന-(യുബിടി) 20, കോൺഗ്രസ് 16, എൻസിപി-(SP) 10, സമാജ്വാദി പാർട്ടി 2 എന്നിങ്ങനെയാണ് സീറ്റുനില. അപമാനകരമായ തോൽവി നേരിട്ട എംവിഎ സഖ്യത്തിന് ജനവിധി വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. അത്തരത്തിലുള്ള പ്രതികരണമായിരുന്നു ഉദ്ധവ് താക്കറെ അടക്കം നടത്തിയത്.















