മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. സ്ത്രീകളെ ബഹുമാനിക്കാത്ത പിശാചാണ് ഉദ്ധവ് താക്കറെയെന്ന് കങ്കണ രൂക്ഷമായി വിമർശിച്ചു. സ്ത്രീകളോട് അനാദവ് കാണിച്ചതിന്റെ ഫലമാണ് ഇപ്പോൾ അദ്ദേഹം അനുഭവിക്കുന്നതെന്നും ബിജെപി നേതാവ് തുറന്നടിച്ചു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയും മഹാവികാസ് അഘാഡി സഖ്യവും പരാജയപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കങ്കണ.
” ഉദ്ധവ് താക്കറെയുടെ പരാജയം ഞാൻ പ്രതീക്ഷിച്ചതായിരുന്നു. ആരാണ് ദൈവം എന്നും, ആരാണ് പിശാചെന്നും നമുക്ക് വളരെ പെട്ടന്ന് മനസിലാക്കാൻ സാധിക്കും. ഇതിനായി അവർ ചെയ്ത പ്രവൃത്തികൾ മാത്രം നോക്കിയാൽ മതി. സ്ത്രീകളോട് എക്കാലത്തും ഉദ്ധവ് താക്കറെ അനാദരവ് മാത്രമേ കാണിച്ചിട്ടുള്ളൂ. മഹാരാഷ്‌ട്രയിലെ ക്ഷേമ പദ്ധതികൾ നോക്കിയാൽ സ്ത്രീകളെ മുൻനിരയിലെത്തിച്ചത് ആരാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.”- കങ്കണ റണാവത് പറഞ്ഞു.
സ്ത്രീകളോട് അനാദരവ് കാണിക്കുന്നവർക്ക് ഒരുകാലത്തും വിജയം സാധ്യമല്ല. മഹാ വികാസ് അഘാഡിയും ഉദ്ധവ് താക്കറെയും തന്റെ വീട് പൊളിച്ചു നീക്കിയെന്നും തന്നെ ആക്ഷേപിച്ചെന്നും കങ്കണ വ്യക്തമാക്കി. ” ബാന്ദ്രയിലെ എന്റെ വസതിയിൽ നിയമവിരുദ്ധമായ നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് അവർ വീട് പൊളിച്ചു നീക്കിയത്. എന്നെ അസഭ്യം പറഞ്ഞു. അവരുടെ തോൽവി എനിക്ക് ഊഹിക്കാമായിരുന്നുവെന്നും കങ്കണ വിമർശിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യം മുന്നേറുകയാണ്. അവർ സ്ത്രീകളെ മുൻ നിരയിലെത്തിക്കാൻ ശ്രമിക്കുന്നു. നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു. പ്രധാനമന്ത്രി അജയ്യനാണെന്ന് താൻ വിശ്വസിക്കുന്നു. ‘രാജ്യത്തിന്റെ രക്ഷയ്‌ക്ക്’ വിധിക്കപ്പെട്ട നേതാവാണ് പ്രധാനമന്ത്രിയെന്ന് കരുതുന്നുവെന്നും കങ്കണ പറഞ്ഞു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒട്ടുമിക്ക നിയോജക മണ്ഡലങ്ങളും തൂത്തുവാരിക്കൊണ്ടായിരുന്നു മഹായുതിയുടെ വിജയം. 288 സീറ്റുകളിൽ 233 സീറ്റുകളിലും മഹായുതി വിജയം നേടിയപ്പോൾ വെറും 49 സീറ്റുകളിലായി മഹാ വികാസ് അഘാഡി ഒതുങ്ങുകയായിരുന്നു.