ഗോരഖ്പൂർ: എബിവിപി 70 ാം ദേശീയ സമ്മേളനത്തിന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കൊടിയിറങ്ങി. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള 1400 ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. സമാപന ദിനം പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ദീപേഷ് നായർക്ക് സമ്മാനിച്ചു.
എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ് ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ സഹസംഘടന സെക്രട്ടറി ദേവദത്ത് ജോഷി എന്നിവർ പുരസ്‌കാര സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു. മികവുറ്റ യുവശക്തി രാജ്യത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ലോകത്തിലെ ഏറ്റവും യുവജനസംഖ്യയുളള രാജ്യമാണ് ഇന്ത്യ. ആ നിലയ്‌ക്ക് ഭാരതം ഭാഗ്യം ചെയ്ത രാജ്യമാണെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശാസ്ത്ര, സാങ്കേതിക മേഖലകളിൽ നിന്ന് ഒളിച്ചോടരുതെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. രാഷ്‌ട്രക്ഷേമം മനസിൽ ഉറപ്പിച്ചവർ ശാസ്ത്ര, സാങ്കേതിക മേഖലകളിലേക്ക് കടന്നുവരുമ്പോൾ അവർ സ്വയം ശാക്തീകരിക്കുകയും രാജ്യത്തെ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തെ യുവാക്കളെ ശരിയായ ദിശയിൽ നയിക്കാനും സമഗ്രവികസനം ഉറപ്പുവരുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്ന സംഘടനയാണ് എബിവിപിയെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ കേരളത്തിന്റെ സംഘടന സെക്രട്ടറിയായി വിപിൻ കുമാർ, സഹസംഘടനാ സെക്രട്ടറിയായി കാസർകോട് സ്വദേശി എൻ.സി.ടി ശ്രീഹരിയും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് സ്വദേശിയും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയുമായ ശ്രാവൺ ബി രാജ് ദേശീയ സെക്രട്ടറിയായി തുടരും. ദേശീയ നിർവാഹക സമിതി അംഗങ്ങളായി കേരളത്തിൽ നിന്നുളള ഡോ ബി.ആർ. അരുൺ, യദു കൃഷ്ണൻ, കെ.പി അഭിനവ്, ദിവ്യ പ്രസാദ്, എസ് അരവിന്ദ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.















