തിരുവനന്തപുരം: മാറനെല്ലൂരിൽ മൂന്നുവയസുകാരി വൈഗ നിലത്ത് വീണ സംഭവത്തിൽ അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും സസ്പെൻഷൻ. ശിശുവികസന വകുപ്പിന്റേതാണ് നടപടി. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ യഥാസമയം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ചികിത്സ വൈകിയതാണ് കുഞ്ഞിന്റെ ആരോഗ്യ നില വഷളാക്കിയത്. വൈഗയുടെ തലയോട്ടിക്കും നട്ടെല്ലിനും പരിക്കുണ്ട്.
അതേസമയം എസ്എടി ആശുപത്രിയിൽ ചികിത്സയിലുളള വൈഗയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുഞ്ഞ് ഇതിവരെ അപകടനില തരണം ചെയ്തിട്ടില്ല.
പോങ്ങുംമൂട് സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ് വൈഗ. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. അങ്കണവാടിയിൽ നിന്ന് വന്നതിന് ശേഷം കുട്ടി നിരവധി തവണ ഛർദ്ദിച്ചിരുന്നു. പിന്നീട് ഇരട്ടസഹോദരനായ വൈഷ്ണവാണ് കുട്ടി വീണ വിവരം പറഞ്ഞത്. നോക്കിയപ്പോൾ വൈഗയുടെ തല മുഴച്ചിരിക്കുന്നത് കണ്ടു. ഇക്കാര്യം ടീച്ചറോട് ചോദിച്ചപ്പോൾ കുഞ്ഞ് കസേരയിൽ നിന്ന് വീണിരുന്നുവെന്നും അറിയിക്കാൻ മറന്നുപോയെന്നായിരുന്നു മറുപടി. എന്നാൽ ജനലിൽ നിന്ന് വീണുവെന്നാണ് വൈഗയുടെ സഹോദരൻ മാതാപിതാക്കളോട് പറഞ്ഞത്.
നിലവിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നും കഴുത്തിന് പിന്നിൽ ഗുരുതര പരിക്കുണ്ടെന്നുമാണ് വിവരം.















