കഴിഞ്ഞ ദിവസം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് ചെകിട്ടത്തടിച്ചെന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഒടുവിൽ പറഞ്ഞ തമാശ രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ലെന്നും , അതിന്റെ പേരിലാണ് ആ വയോധികനെ മർദ്ദിച്ചതെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു.
ഇതിനിടെ രഞ്ജിത്തിന് പിന്തുണച്ച് ശിഷ്യൻ എം പത്മകുമാർ രംഗത്തെത്തി.
ഒടുവിലിന്റെ ചെകിട്ടത്തടിച്ചില്ലെന്നും കൈയാങ്കളി മാത്രമാണ് ഉണ്ടായതെന്നുമാണ് പത്മകുമാറിന്റെ വാദം. ഒടുവിലിന്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയെന്നുമാണ് പത്മകുമാർ പറയുന്നത്. 28 വർഷം കഴിഞ്ഞുള്ള ആലപ്പി അഷ്റഫിന്റെ ഇപ്പോഴുള്ള വെളിപ്പെടുത്തൽ യൂട്യൂബ് ചാനലുകൾക്ക് സബ്സ്ക്രിപ്ഷൻ കുട്ടാനുള്ള തറവേലയാമെന്നും പത്മകുമാർ ആരോപിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം. പത്മകുറിന്റെ പ്രതികരണം.
സെറ്റിൽ ഒടുവിലിന് നേരെ കയ്യേറ്റമുണ്ടായി എന്ന് പത്മകുമാർ തന്നെ സമ്മതിക്കുന്നുണ്ടല്ലോ എന്നാണ് പോസ്റ്റിന് താഴെ വന്ന മിക്ക കമന്റുകളും. ആലപ്പി അഷറഫ് പറഞ്ഞ കാര്യങ്ങളിൽ ഒടുവിൽ സെറ്റിൽ വെച്ച് തമാശ പറഞ്ഞു എന്നും രഞ്ജിത്തിന് അത് രസിച്ചില്ല എന്നും കയ്യാങ്കളിയിലെക്കെത്തി എന്നും വരെ നിങ്ങൾ തന്നെ ഈ പോസ്റ്റിൽ സമ്മതിക്കുന്നുണ്ടല്ലോ. അടിച്ചോ ഇല്ലയോ എന്നും ഒടുവിൽ നിലത്ത് വീണോ ഇല്ലയോ എന്നും വരും നാളുകളിൽ അറിയാമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.















