തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യേറ്റം. കയ്യങ്കാളി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനെ കുട്ടികൾ കസേരകൊണ്ട് അടിച്ച് വീഴ്‌ത്തി. സംഭവത്തിൽ പ്രിൻസിപ്പലായ പ്രിയയ്‌ക്ക് പരിക്കേറ്റു.
പ്രിയയുടെ തലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥി, രണ്ടാം വർഷ വിദ്യാർത്ഥിക്കെതിരെ ഇൻസ്റ്റഗ്രാമിൽ കമന്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കിടയിലും തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിക്കാനായി അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു.
ഇതിനിടയിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായതോടെയാണ് പ്രിൻസിപ്പൽ പ്രശ്‌നത്തിൽ ഇടപെട്ടത്. ഇതോടെ കയ്യിലുണ്ടായിരുന്ന കസേര ഉപയോഗിച്ച് വിദ്യാർത്ഥികളിൽ ഒരാൾ പ്രിൻസിപ്പലിനെ അടിച്ചു വീഴ്‌ത്തുകയായിരുന്നു.















