കോഴിക്കോട്: വഖ്ഫ് ബില്ല് പാർലമെന്റിന്റെ പരിഗണനയ്‌ക്ക് വരുമ്പോൾ കേരളത്തിലെ ‘സോ കോൾഡ്’ മതേതര എംപിമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ചോദ്യ ചിഹ്നമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വഖ്ഫ് ഭേദഗതി ബില്ല് കേരളത്തിന് നിർണായകമാണ്. മുനമ്പത്ത് സമരം ചെയ്യുന്ന ജനങ്ങൾക്കും ഇത് പ്രധാനമാണെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ ഇടത് – വലത് എംപിമാരുടെ നിലപാട് എന്തായിരിക്കുമെന്ന് കെ സുരേന്ദ്രൻ ചോദിച്ചത്.
കേരളത്തിലെ വലിയ ശതമാനം വരുന്ന ക്രൈസ്തവ ന്യൂനപക്ഷവും വഖ്ഫിന്റെ ഭീതി നിലനിൽക്കുന്ന മറ്റ് പ്രദേശങ്ങളിലുളളവരും വഖ്ഫ് ഭേദഗതിക്ക് അനുകൂലമായി കേരളത്തിലെ എംപിമാർ കൈ ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. കേരളത്തിലെ എംപിമാർ എന്ത് ചെയ്യും എന്നാണ് അവർ നോക്കുന്നത്. ഭേദഗതിക്ക് അനുകൂലമായിട്ടാണോ പ്രതികൂലമായിട്ടാണോ കൈ ഉയർത്താൻ പോകുന്നതെന്ന് കാണാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുനമ്പം അടക്കമുളള വിഷയങ്ങളിൽ കേരളത്തിലെ ഇരുമുന്നണികളും സ്വീകരിച്ച നിലപാട് തുടർന്നും ചർച്ച ചെയ്യേണ്ടതാണ്. ന്യൂനപക്ഷം എന്ന് പറയുമ്പോൾ കേരളത്തിൽ ഒരു ന്യൂനപക്ഷമേ ഉള്ളൂ എന്ന നിലപാടാണ് എൽഡിഎഫും യുഡിഎഫും സ്വീകരിക്കുന്നത്. 30 ശതമാനം വോട്ടിന് വേണ്ടി കേരളത്തിലെ പ്രധാന മറ്റൊരു ന്യൂനുപക്ഷത്തെയും ഇപ്പോൾ അവർ തളളിക്കളഞ്ഞു. ബിജെപിയും എൻഡിഎയും ഈ വിഷയത്തിൽ ശരിയായ നിലപാട് ഉയർത്തിപ്പിടിച്ച് ജനങ്ങളെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പിന് ശേഷം മുനമ്പത്ത് സമരം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും മുനമ്പം സമരസമിതി ഇത് തളളിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി ഓൺലൈനായി ചർച്ച നടത്തി. പക്ഷെ സമരത്തിൽ നിന്ന് പിൻമാറാൻ ഇതുവരെ മുനമ്പത്തെ ജനങ്ങൾ തയ്യാറായിട്ടില്ല. ഭൂമിയുടെ റവന്യൂ അവകാശം പൂർണമായി പുനസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. ഇതിനിടയിലാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖ്ഫ് ഭേദഗതി ബില്ല് ചർച്ചയ്‌ക്ക് എത്തുന്നത്.















