ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ രണ്ട് പ്രധാനസീറ്റുകൾ സ്വന്തമാക്കി അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്ത് (ABVP). വൈസ് പ്രസിഡന്റ്, സെക്രട്ടറി സീറ്റുകളാണ് എബിവിപി ഉറപ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ ഭാനു പ്രതാപ് സിംഗ് വിജയിച്ചു. മിത്രവിന്ദ കരൻവാൾ സെക്രട്ടറി സ്ഥാനവും നിലനിർത്തി.
NSUIവിന്റെ യാഷ് നന്ദൽ, AISAയുടെ ആയുഷ് മൊണ്ടൽ എന്നിവരെ പരാജയപ്പെടുത്തിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഭാനു പ്രതാപ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ മിത്രവിന്ദ കരൻവാൾ NSUIവിന്റെ നമ്രത ജേപ് മീണയേയും എസ്എഫ്ഐയുടെ അനാമികയേയും തോൽപ്പിച്ചു.
പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പോസ്റ്റുകൾ നേടിയത് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ (NSUI) ആയിരുന്നു. റൗണക് ഖത്രി പ്രസിഡന്റായും ലോകേഷ് ചൗധരി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സുപ്രധാനമായ നാല് സീറ്റുകളിലേക്കും ഇടത് യൂണിയനുകളായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (AISA) സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (SFI) മത്സരിച്ചെങ്കിലും ഫലമുണ്ടായില്ല.
തെരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾക്ക് ശേഷമാണ് ഫലം പുറത്തുവരുന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നതിനാൽ ഫലം പ്രഖ്യാപിക്കുന്നതിൽ ഡൽഹി ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് വോട്ടെണ്ണൽ വൈകിയത്.
ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൽ കനത്ത സുരക്ഷയോടെ വോട്ടെണ്ണൽ നടന്നു. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനായി വോട്ടെണ്ണൽ കേന്ദ്രത്തിൽ ബാരിക്കേഡ് ഉൾപ്പടെ ഡൽഹി പൊലീസ് സ്ഥാപിച്ചിരുന്നു. ഫലം വന്നതിന് ശേഷമുള്ള ആഘോഷങ്ങൾ തടയുന്നതിനും ക്യാമ്പസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.