ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ. വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇൻഡിഗോ ഒരുക്കുന്നത്. ഇൻഡിഗോയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് ഈ സുവർണാവസരം. ഇത്തരത്തിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഇളവുകളും ഓഫറുകളും ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു.
പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനും ചെലവ് കുറയ്‌ക്കാനും ഇത് സഹായകമാവും. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് റിസർവേഷനുകൾ ഫീസ് നൽകാതെ തന്നെ മാറ്റാനും കഴിയും. ഇത് കൂടാതെ വിദ്യാർത്ഥികൾക്ക് 10 കിലോ ലഗേജ് സൗകര്യവും ടിക്കറ്റ് നിരക്കിൽ ആറ് ശതമാനം വരെ ഇളവും ഉണ്ടായിരിക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
പഠന സാമഗ്രികളും മറ്റും വിദേശത്തേക്കും മറ്റിടങ്ങളിലേക്കും കൊണ്ടുപോകുന്ന വിദ്യാർത്ഥികൾക്ക്, ഇൻഡിഗോയുടെ പുതിയ ഓഫർ സഹായകരമാണ്. ചെക്ക് ഇൻ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ ഐഡി കാണിക്കണം. കൃത്യമായ ഐഡി വിവരങ്ങൾ നൽകാതിരുന്നാൽ സാധാരണ ടിക്കറ്റ് എടുക്കാൻ മാത്രമേ കഴിയുകയുള്ളൂവെന്നും ഇൻഡിഗോ അറിയിച്ചു.
ആഭ്യന്തര ഫ്ലൈറ്റുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നതെന്നും ആനുകൂല്യങ്ങൾ മറ്റ് ആളുകൾക്ക് കൈമാറാൻ സാധിക്കില്ലെന്നും എയർലൈനിന്റെ വെബ്സൈറ്റിൽ പറയുന്നു.