അമേരിക്കയുടെ സൈനിക തന്ത്രങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ മുൻ സിഇഒയും ചെയർമാനുമായ എറിക് ഷ്മിറ്റ്. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ടാങ്കുകൾക്ക് പകരം AI ഡ്രോണുകൾ ഉപയോഗിക്കാൻ യുഎസ് സൈന്യം തയ്യാറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

ഗൂഗിളിന്റെ അമ്പരപ്പിക്കുന്ന വളർച്ചയിൽ പങ്കുവഹിച്ചിട്ടുള്ള പ്രധാനികളിൽ ഒരാളായിരുന്നു എറിക് ഷ്മിറ്റ്. 2001 മുതൽ 2011 വരെ 10 വർഷത്തോളം ഗൂഗിളിന്റെ സിഇഒ ചുമതലയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഷ്മിറ്റിന്റെ നിർണായക ഇടപെടലുകളായിരുന്നു സെർച്ച് എഞ്ചിൻ എന്ന നിലയിൽ ഗൂഗിൾ കൈവരിച്ച അഭൂതപൂർവമായ വളർച്ചയ്‌ക്ക് കാരണമായത്. ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തേക്ക് മാറിയ ഷ്മിറ്റ് 2018ൽ രാജിവച്ചു. അടുത്തിടെ സൗദി അറേബ്യയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുന്നതിനിടെയായിരുന്നു യുഎസ് സൈന്യത്തിന്റെ പ്രതിരോധ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഷ്മിറ്റ് ശുപാർശകൾ പങ്കുവച്ചത്.
“ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. പതിനായിരക്കണക്കിന് ടാങ്കുകളാണ് യുഎസ് ശേഖരിച്ചുവച്ചിരിക്കുന്നതെന്ന്.. അതൊക്കെ എടുത്തുമാറ്റേണ്ട സമയമായി, പകരം ഡ്രോൺ വാങ്ങൂ..”- ഷ്മിറ്റ് പറഞ്ഞു. ഡ്രോണുകൾക്ക് പരസ്യവും പ്രചാരവും നൽകുന്ന ഷ്മിറ്റിന്റെ വാക്കുകൾ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഉയർന്നുവന്നത്.
വിലപിടിപ്പുള്ള സൈനിക സംവിധാനങ്ങളും ഉപകരണങ്ങളും നിഷ്പ്രഭമാക്കാൻ ഡ്രോണുകൾ മതിയെന്നാണ് ഷ്മിറ്റിന്റെ വാദം. യുക്രെയ്ൻ-റഷ്യ സംഘർഷത്തിനിടെ അത് പ്രായോഗികമായി പരീക്ഷിച്ച് തെളിയിച്ചതാണെന്നും ഷ്മിറ്റ് വാദിക്കുന്നുണ്ട്. 5 മില്യൺ ഡോളറിന്റെ ടാങ്ക് തകർക്കാൻ 5,000 ഡോളറിന്റെ ഡ്രോൺ മതകിയാകുമെന്ന് അദ്ദേഹം പറയുന്നു.
ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച്, വൈറ്റ് സ്റ്റോർക് എന്ന മിലിട്ടറി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനാണ് എറിക് ഷ്മിറ്റ്. യുക്രെയ്ന് വേണ്ടി “Kamikaze drone” നിർമിച്ചത് വൈറ്റ് സ്റ്റോർക് ആയിരുന്നു. ലക്ഷ്യത്തെ തകർക്കുന്നതിന് മുൻപ് യുദ്ധഭൂമിയിലെത്തി നിരീക്ഷണം നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള AI-ഡ്രോണുകളാണ് Kamikaze drone. എത്രമാത്രം വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും പ്രവർത്തിക്കുമെന്നതാണ് ഈ ഡ്രോണിന്റെ പ്രത്യേകത. ജിപിഎസ് സിഗ്നലുകൾ പ്രവർത്തിക്കാത്ത സമയത്ത് പോലും ടാർഗെറ്റ് കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. ഈ സാഹചര്യത്തിലാണ് യുഎസിന്റെ പക്കലുള്ള ടാങ്കുകൾ എടുത്ത് കളഞ്ഞ് തന്റെ എഐ- ഡ്രോണുകൾ വാങ്ങി ശേഖരിക്കാൻ ഷ്മിറ്റ് പറഞ്ഞത്.















