തിരുവനന്തപുരം: ആശുപത്രി കാന്റീനിൽ നിന്നും വാങ്ങിയ ഭക്ഷണപ്പൊതിക്കുള്ളിൽ അട്ടയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലാണ് സംഭവം. കാവടിക്കോണം സ്വദേശിയായ ധനുഷ് വാങ്ങിയ പ്രഭാത ഭക്ഷണത്തിലാണ് അട്ട ഉണ്ടായിരുന്നത്. സംഭവത്തിൽ ധനുഷ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.
ആശുപത്രി കാന്റീൻ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നും രോഗികൾ ആരോപിച്ചു. കാലിലേറ്റ മുറിവ് പഴുത്തതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് ധനുഷ്. കൂട്ടിരിപ്പുകാരിയായ ഭാര്യയാണ് കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങിയത്. കഴിക്കാനായി പൊതി തുറന്നപ്പോഴാണ് പുട്ടിന്റെയും പയറിന്റെയുമൊപ്പം അട്ടയെയും കണ്ടത്.
പിന്നാലെ ഡ്യൂട്ടി നഴ്സിനെ വിവരം അറിയിക്കുകയും ഭക്ഷണം കാന്റീനിൽ തന്നെ തിരികെ കൊടുക്കുകയും ചെയ്തു. ധനുഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.