ന്യൂഡൽഹി: പാൻകാർഡ് പുതിയ രൂപത്തിൽ അവതരിപ്പിക്കുമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. ക്യൂആർ കോഡുള്ള പാൻകാർഡ് തയ്യാറാക്കാനാണ് തീരുമാനം. പാൻ 2.0 പദ്ധതിക്കായി കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദായനികുതി വകുപ്പിന്റെ പാൻ 2.0 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (CCEA) അംഗീകാരം നൽകിയതായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ക്യുആർ കോഡുള്ള പാൻ കാർഡിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യുന്ന പദ്ധതിയാണ് പാൻ 2.0. 1,435 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നികുതിദായകർക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ മെച്ചപ്പെട്ട രീതിയിലാക്കുകയാണ് പാൻ 2.0യുടെ ലക്ഷ്യം. കൂടുതൽ ഗുണമേന്മയോടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഇത് ഗുണം ചെയ്യും. 78 കോടി പാൻകാർഡുകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. നികുതിദായകർ ഉപയോഗിക്കുന്ന നിലവിലുള്ള സംവിധാനം നവീകരിക്കുന്നതിനാണ് പുതിയ പദ്ധതിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.