തിരുവനന്തപുരം: ആവേശം മോഡൽ ഗുണ്ടാ പാർട്ടി നടത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ. നെടുമങ്ങാട് മുക്കോല സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാളിനാണ് ‘ആവേശം’ മോഡൽ പാർട്ടി നടന്നത്. സംഭവത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് സംഘം പാർട്ടി നടത്തിയത്.
സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷത്തിന് അനീഷും കൂട്ടരും സംഘടിക്കുമെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് പാർട്ടി നടത്തരുതെന്ന് പൊലീസ് വിലക്കി. എന്നാൽ, ഈ വിലക്ക് ലംഘിച്ചുകൊണ്ടാണ് പാർട്ടി നടത്തിയത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.
കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നെടുമങ്ങാട് സി ഐ രാജേഷ് കുമാർ, എസ് ഐ സന്തോഷ് കുമാർ എന്നിവർക്ക് പരിക്കേറ്റു. അനീഷ് ഉൾപ്പെടെ എട്ട് പേരെ സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നാല് പേരെ കൂടി അറസ്റ്റ് ചെയ്തു.
പൊലിസിനെ തടയാൻ ശ്രമിച്ച സ്ത്രീകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.















