തൃശൂർ: തടി ലോറി പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാട്ടികയിൽ പുലർച്ചെയോടെയാണ് അപകടം. 7 പേർക്ക് പരിക്കേറ്റു. വഴിയിൽ കിടന്നുറങ്ങിയ നാടോടികളുടെ ദേഹത്തിലൂടെയാണ് ലോറി പാഞ്ഞുകയറിയത്. കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20) ജീവൻ (4) എന്നിവർ ഉൾപ്പെടെ 5 പേരാണ് മരിച്ചത്. ജീവന് പുറമെ മറ്റൊരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നാട്ടികയിൽ ദേശീപാതയുടെ പാലത്തിന്റെ നിർമാണത്തിനായി എത്തിയവരാണ് മരിച്ചത്. സംഭവത്തിൽ ലോറി ഓടിച്ച കണ്ണൂർ സ്വദേശിയായ അലക്‌സ് (33) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലൈസൻസില്ലാതെയാണ് ലോറി ഓടിച്ചത്. അലക്‌സ് മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്നും പൊലീസ് പറഞ്ഞു.
കണ്ണൂരിൽ നിന്ന് തടി കയറ്റി, കൊച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് 10ലധികം ആളുകളുടെ ദേഹത്തിലൂടെ കയറിയത്. ദേശീയപാതയുടെ നിർമാണം നടക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ബോർഡുകൾ വച്ചിരുന്നു. ഇതിന് സമീപത്ത് ചെറിയ ടെന്റുകൾ കെട്ടിയാണ് നാടോടികൾ താമസിച്ചിരുന്നത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസുകാരെ വിവരം അറിയിച്ച് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5 പേരുടെ ജീവൻ രക്ഷിക്കാനായില്ല.















