മനില: വൈസ് പ്രസിഡന്റ് സാറ ഡ്യുട്ടേർട്ട് പൊതുമധ്യത്തിൽ തനിക്കുനേരേ മുഴക്കിയ വധഭീഷണിക്കെതിരേ പൊരുതുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ പ്രസ്താവിച്ചു.
തുടർന്ന് സൈന്യവും പോലീസും മാർക്കോസ് ജൂനിയറിനുള്ള സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ചയാണ് ഒരു ഓൺലൈൻ വാർത്താ സമ്മേളനത്തിനിടെ, പ്രസിഡന്റിനെ വധിക്കുമെന്ന് വൈസ് പ്രസിഡന്റ് ഡ്യുട്ടേർട്ട് ഭീഷണി മുഴക്കിയത്.താൻ കൊല്ലപ്പെട്ടാൽ പ്രസിഡൻ്റിനെയും ഭാര്യയെയും ജനപ്രതിനിധി സഭാ സ്പീക്കറെയും കൊല്ലാൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നായിരുന്നു വൈസ്പ്രസിഡന്റിന്റെ പരാമർശം.അത് തമാശയല്ലെന്നും പ്രസിഡന്റും ഭാര്യയും അഴിമതിക്കാരാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
2022 മെയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മാർക്കോസും സാറയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ചത്.
ഭീഷണിയെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയായികണക്കാക്കുന്നതായി ദേശീയ സുരക്ഷാകൗൺസിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വൈസ് പ്രസിഡന്റിനെ അന്വേഷണത്തിനായി വിളിച്ചുവരുത്തുമെന്നും നീതിന്യായവകുപ്പ് അറിയിച്ചു.
പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ വൈസ് പ്രസിഡന്റിനെതിരേ നടന്ന അന്വേഷണം തടസ്സപ്പെടുത്താൻ വൈസ്‍പ്രസിഡന്റിന്റെ ഉദ്യോഗസ്ഥമേധാവി ശ്രമിച്ചതോടെ അയാളെ മാറ്റാൻ പ്രസിഡന്റ് ഉത്തരവിട്ടതാണ് പ്രകോപനത്തിനുകാരണമെന്നാണ് വിലയിരുത്തൽ.















