പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് കോൺഗ്രസ് അഭിപ്രായം പറയണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ബിജെപിക്കുള്ളിൽ വിമർശനങ്ങളോ, പ്രശ്‌നങ്ങളോ ഇല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. യുഡിഎഫ്- എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടുന്ന തെളിവുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ- യുഡിഎഫ് ബന്ധം എന്താണെന്ന് നേതൃത്വം വ്യക്തമാക്കണം. ബിജെപിക്കുള്ളിൽ പ്രശ്‌നങ്ങളാണെന്നുള്ളത് വ്യാജപ്രചരണങ്ങളാണ്. പരാജയപ്പെട്ടതിന്റെ കാരണം വിശദമായി പരിശോധിക്കും.”- കുമ്മനം രാജശേഖരൻ പറഞ്ഞു.
ആരോഗ്യകരമായ സംഘടനാ സംവിധാനം വച്ചുപുലർത്തുന്ന പാർട്ടിയെന്ന നിലയിൽ എല്ലാത്തിനെയും വിലയിരുത്താനും പരിശോധിക്കാനുമുള്ള സംവിധാനമുണ്ട്. പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങളുണ്ടെന്ന് പറയുന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയുടെ പിന്തുണയോടെയാണ് യുഡിഎഫ് വിജയിച്ചത്. എസ്ഡിപിഐയുമായി എന്ത് ബന്ധമാണുള്ളതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും കോൺഗ്രസ് പ്രവർത്തകർ അടുത്ത് പ്രവർത്തിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളുടെ നേതാക്കൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെൽഫെയർ പാർട്ടി ഓഫീസിലെത്തിയാണ് രാഹുൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്.