തൃശൂർ: നാട്ടിക അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി. ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. അപകടസമയത്ത് ക്ലീനർ ആയിരുന്നു വാഹനം ഓടിച്ചത്. രണ്ട് പേരും മദ്യലഹരിയിലായിരുന്നുവെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
11 പേരിൽ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. അപകടസമയത്ത് ഡ്രൈവർ അല്ല ക്ലീനർ ആണ് വാഹനം ഓടിച്ചതെന്നാണ് റിപ്പോർട്ടിലുളളതെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
ഡ്രൈവർ മാറിക്കിടക്കുകയായിരുന്നു. ക്ലീനർക്ക് ഡ്രൈവിംഗ് ലൈസൻസില്ല. അലക്സ് എന്നാണ് ക്ലീനറുടെ പേര്. ജോസ് എന്നയാളായാരുന്നു ഡ്രൈവർ. ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്ത ശേഷം അതും സസ്പെൻഡ് ചെയ്യും. കണ്ണൂരിലുളള ഒരാളുടെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ. ഉടമസ്ഥന് നോട്ടീസ് കൊടുത്തുകഴിഞ്ഞുവെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. വാഹനം വരുന്ന വഴിയിൽ അമിത വേഗത്തിലായിരുന്നോ എന്നുൾപ്പെടെയുളള കാര്യങ്ങൾ പരിശോധിക്കാൻ വണ്ടി വന്ന വഴിയിലെ കൂടുതൽ ക്യാമറ ദൃശ്യങ്ങളും പരിശോധിക്കും.
റോഡ് ബ്ലോക്ക് ചെയ്ത് വെച്ചിരുന്നിടത്ത് ബാരിക്കേഡ് തകർത്തുകൊണ്ടാണ് വാഹനം ഓടിച്ചുകയറ്റിയത്. അപകടത്തിന് ശേഷം വാഹനം ഓടിച്ചു പോകാനാണ് ക്ലീനർ ശ്രമിച്ചത്. 600 മീറ്റർ അകലെ തൃപ്രയാർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അവരാണ് വണ്ടി തടഞ്ഞുനിർത്തിയതെന്ന് മന്ത്രി പറഞ്ഞു.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. അപകടത്തിന് ഇരയായവർക്കുളള സാമ്പത്തിക സഹായത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. മോട്ടാർ വാഹന വകുപ്പിന് അത്തരത്തിൽ സഹായം നൽകാൻ വകുപ്പില്ലെന്നും മന്ത്രി പറഞ്ഞു.
പുലർച്ചെ നാല് മണിയോടെ നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ അപകടം ഉണ്ടായത്. തടിയുമായി വന്ന ലോറി റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 5 പേരാണ് മരിച്ചത്. രണ്ട് പേർ കുട്ടികളാണ്.