ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ സിനിമയിൽ മലയാളി താരങ്ങളായ ദിവ്യപ്രഭയും കനികുസൃതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മുംബൈയിലെ മലയാളി നഴ്സുമാരുടെ കഥയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റിലൂടെ സംവിധായക പായൽ കപാഡിയ സംവദിച്ചത്. നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽമീഡിയിൽ ചർച്ചയാകുന്നത് ദിവ്യപ്രഭയാണ്.
നടിയെന്ന നിലയിൽ അവരുടെ അഭിനയത്തിന്റെ മികവോ പോരായ്മകളോ ചർച്ച ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ സോഷ്യൽമീഡിയയിൽ കഴിഞ്ഞ രണ്ടുദിവസമായി ഉയരുന്ന ചോദ്യങ്ങളും പോസ്റ്റ് ചെയ്യപ്പെടുന്ന കുറിപ്പുകളും ദിവ്യപ്രഭയുടെ ‘ക്ലിപ്പ് എവിടെ’ എന്നതാണ്.
ചിത്രത്തിൽ ഒരു അർദ്ധനഗ്ന രംഗത്തിൽ ദിവ്യപ്രഭ എത്തിയിരുന്നു. ഈ ഭാഗം മാത്രം തിയേറ്ററിൽ നിന്ന് പകർത്തപ്പെടുകയും ചില സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വീഡിയോ പങ്കുവെക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ദിവ്യപ്രഭയെ മലയാളികൾ ട്രെൻഡിംഗ് വിഷമാക്കിയത്.
വിദ്യാഭ്യാസ സമ്പന്നരെന്നും പുരോഗമന സമൂഹമെന്നും സ്വയം അവകാശപ്പെടുന്ന മലയാളികളാണ് ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായ സിനിമയെക്കുറിച്ച് മലയാളികൾ ചർച്ച നടത്തുമ്പോൾ ബി ഗ്രേഡ് ലെവലിലേക്ക് എത്തപ്പെടുന്നുവെന്നാണ് വിമർശനം.
മലയാളി സമൂഹത്തെ ഒന്നാകെ വീണ്ടും നാണംകെടുത്തി സോഷ്യൽമീഡിയയിൽ ഉയരുന്ന ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദിവ്യപ്രഭ. എത്രമാത്രം നാം പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളിലേക്ക് എത്താൻ സമയമെടുക്കും, സിനിമ തിയേറ്ററിൽ റിലീസായപ്പോൾ ഇതുമാത്രം ചർച്ചയാകുന്നത് കഷ്ടമായി തോന്നിയെന്നും ദിവ്യപ്രഭ പ്രതികരിച്ചു. ഓൺലൈൻ മാദ്ധ്യമമായ ക്യൂ-വിനോടാണ് ദിവ്യ പ്രതികരിച്ചത്.
ഇതുപ്രതീക്ഷിച്ചതാണ്, അതുകൊണ്ട് നിരാശ തോന്നിയില്ല, മലയാളികളുടെ ഭാഗത്ത് നിന്നായതിനാൽ പുതിയ കാര്യമായും തോന്നുന്നില്ല. സിനിമ സംസാരിക്കുന്ന മറ്റ് വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കാതെ ഈയൊരു കാര്യം മാത്രം ചർച്ചയാകുന്നത് കഷ്ടമാണ്. സെൻസിബിളായ പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായം കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.