കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിൽ പൊട്ടിത്തെറി സംഭവിച്ചുവെന്ന തരത്തിൽ വരുന്ന മാദ്ധ്യമവാർത്തകളെ തള്ളി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ മൂന്നുദിവസമായി ബിജെപി സംസ്ഥാന നേതാക്കളുടെ പേരിൽ മാദ്ധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചവറ് വാർത്തകൾക്ക് പിന്നാലെയാണ് മാദ്ധ്യമങ്ങളെന്നും സുരേന്ദ്രൻ പ്രതികരിച്ചു.. എറണാകുളത്ത് നടക്കുന്ന സംസ്ഥാന പഠന ശിബിരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
“അദ്ധ്യക്ഷപദവിക്ക് വി. മുരളീധരൻ റെഡിയായി, ശോഭാ സുരേന്ദ്രൻ ആഞ്ഞടിച്ചു, കൃഷ്ണദാസും എം.ടി രമേശും സന്ദർഭം നോക്കി ആഞ്ഞടിച്ചു, വേറെ ജോലിയില്ലേ.. എന്തൊക്കെയാണ് തള്ളിവിടുന്നത്.
ഭാരതീയ ജനതാ പാർട്ടിയും ദേശീയ ജനാധിപത്യ സഖ്യം എന്താണെന്ന് അറിയാത്തതുപോലെയാണ് കഴിഞ്ഞ മൂന്നുദിവസമായി മാദ്ധ്യമങ്ങൾ തുള്ളിക്കൊണ്ടിരിക്കുന്നത്.
മാദ്ധ്യമങ്ങൾ നിരാശരാകേണ്ടി വരും, ഇന്ന് വൈകിട്ട് യോഗം കഴിയുമ്പോൾ നിങ്ങൾ വരിക.
സജീവ അംഗത്വം, പ്രാഥമിക അംഗത്വം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ യോഗം.
എന്തൊക്കെയാണ് നിങ്ങൾ എഴുതിവിടുന്നത്
15 കൊല്ലമായി ഡൽഹിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വി. മുരളീധരൻ രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടർന്ന് കേരള അദ്ധ്യക്ഷ പദവി പിടിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ പറയുന്നതിൽ എന്തെങ്കിലുമൊരു അടിസ്ഥാനമുണ്ടോ? ഈ രീതിയിലുള്ള ചവറ് വാർത്തകളുമായാണോ രാവിലെ തന്നെ നിങ്ങൾ വരുന്നത്? കഴിഞ്ഞ മൂന്ന് ദിവസമായി വെറും ചവറ് വാർത്തകളുമായാണ് നിങ്ങൾ വരുന്നത്. മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെറും 15 സീറ്റാണ്. ഇതേക്കുറിച്ച് ഒരക്ഷരം മാദ്ധ്യമങ്ങൾ ചർച്ച ചെയ്തിട്ടില്ല. ചേലക്കരയിൽ കോൺഗ്രസ് തോറ്റമ്പി. അതിലും നിങ്ങൾ ഒരക്ഷരം ചർച്ച ചെയ്തില്ല.
മാദ്ധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ച ഒരു കാര്യവും ഇവിടെ സംഭവിക്കാൻ പോകുന്നില്ല. ചെവിയിൽ നുള്ളിക്കോ.. യോഗം കഴിയുമ്പോൾ നിങ്ങൾക്ക് നിരാശരായി പോകേണ്ടി വരും. ” സുരേന്ദ്രൻ പ്രതികരിച്ചു.
ഉപതരെഞ്ഞെടുപ്പ് ഫലം എത്തിക്കഴിഞ്ഞപ്പോൾ പാലക്കാട് ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ട വിഷയം മാത്രം കേന്ദ്രീകരിച്ച് മാദ്ധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിലെ ബിജെപി നേതാക്കളെല്ലാം സുരേന്ദ്രനെതിരെ രംഗത്തുവന്നുവെന്നും സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണെന്നായിരുന്നു പല പ്രമുഖ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.