പെർമനന്റ് അക്കൗണ്ട് നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് പാൻ. സാമ്പത്തിക ഇടപാടുകൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും പ്രധാന വ്യക്തിഗത തിരിച്ചറിയൽ രേഖയായി ഇതിനെ കണക്കാക്കുന്നുണ്ട്. പാൻ കാർഡുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 1,435 കോടി രൂപയാണ് പാൻ 2.0 പദ്ധതിക്ക് നീക്കിവെക്കുക.
നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങള്‍ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കി മാറ്റുന്നതാണ് പദ്ധതി. ഡിജിറ്റൽ ഇന്ത്യയുടെ ചുവടുപിടിച്ചാണ് പദ്ധതി നടപ്പാക്കുക. നിലവിലുള്ള പാൻ/ടാൻ 1.0 പദ്ധതിയുടെ തുടർച്ചയാണ് പാൻ 2.0. സംവിധാനം പൂർണ്ണമായി നവീകരിച്ചാലും നിലവിലെ പാൻ നമ്പറിൽ മാറ്റമുണ്ടാകില്ല. യാതൊരുവിധ ചെലവും ഈടാക്കാതെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്ത പാന്‍ ജനങ്ങളില്‍ എത്തിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
എല്ലാ പാൻ, ടാൻ സേവനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു സംവിധാനം വാണിജ്യ മേഖലയിൽ നിന്നുള്ള ദീർഘ കാലത്തെ ആവശ്യമായിരുന്നു . ഇതിനായി പൊതു ബിസിനസ് ഐഡന്റിഫയറും നിർമ്മിക്കും. മാത്രമല്ല പാൻ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പാൻ ഡാറ്റ വോൾട്ട് എന്ന സംവിധാനം നിർബന്ധമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്യൂആർ കോഡ് പതിപ്പിച്ച പാൻ കാർഡ്
നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി പാൻ കാർഡിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തും. സർക്കാർ സ്ഥാപനങ്ങളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങളിലും പാൻ ഒരു പൊതു തിരിച്ചറിയൽ രേഖയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാൻ കാർഡ് കോപ്പിക്ക് പകരം ക്യുആർ കോഡ് സ്കാനിങ് മതിയാകും.
കണക്കുകകൾ പ്രകാരം നിലവിൽ 78 കോടി ആളുകൾക്കാണ് പാൻ കാർഡ് ഉള്ളത്. പുതിയ മാറ്റം എല്ലാവർക്കും കൂടുതൽ സൗകര്യപ്രദമാവുമെന്നാണ് കേന്ദ്രസർക്കാർ പ്രതിക്ഷിക്കുന്നത്.















