ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി TeacherApp പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 21-ാം നൂറ്റാണ്ടിലെ ക്ലാസ് മുറികളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരെ സജ്ജമാക്കുന്നതിനും അവരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്.
അദ്ധ്യാപരെ ഉയർത്തുക, ഭാരതത്തെ ശ്രേഷ്ഠമാക്കുക (“Elevating Teachers, Elevating India”) എന്ന വിഷയത്തിൽ സംസാരിച്ചുകൊണ്ടായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി TeacherApp അവതരിപ്പിച്ചത്. നൂതനമായ ഉള്ളടക്കം, സാങ്കേതികവിദ്യ, കമ്മ്യൂണിറ്റി-ബിൽഡിംഗ് ടൂളുകൾ എന്നിവയിലൂടെ പ്രൊഫഷണലിസം ഉയർത്താൻ അദ്ധ്യാപകരെ സഹായിക്കുന്നതിന് ആപ്പ് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ യഥാർത്ഥ കർമ്മയോഗികൾ അദ്ധ്യാപകരാണെന്നും, ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ കാഴ്ചപ്പാടനുസരിച്ച് അദ്ധ്യാപകരുടെ വികസനത്തിന് മുൻഗണന നൽകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രതികരിച്ചു.
യൂസർ ഫ്രണ്ട്ലി ആയ ആപ്ലിക്കേഷനാണിത്. എല്ലാ മൊബൈൽ, ലാപ്ടോപ് ഡിവൈസുകളിലും ഇത് ആക്‌സസ് ചെയ്യാൻ കഴിയും. രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള അദ്ധ്യാപകർക്ക് ആപ്പിന്റെ ഉപയോക്താക്കളാകാനും പ്രയോജനം നേടാനും കഴിയുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിജ്ഞാനം സുപ്രധാന പങ്കുവഹിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിയെ നയിക്കാൻ അദ്ധ്യാപകസമൂഹത്തെ ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അദ്ധ്യാപന രീതികൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുമായുള്ള ഇടപഴകൽ വർദ്ധിപ്പിക്കുന്നതിനും അദ്ധ്യാപകരെ സഹായിക്കുന്ന കോഴ്‌സുകൾ, വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ, വെബിനാറുകൾ, ക്വിസുകൾ എന്നിവ ആപ്പിൽ ലഭ്യമാണ്.