ന്യൂഡൽഹി: ഹൈന്ദവ സമൂഹത്തിന് വേണ്ടി ശബ്ദിച്ചതിന് ഇസ്കോൺ സന്യാസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രതികാര നടപടിയെടുത്ത ബംഗ്ലാദേശിന്റെ നീക്കത്തിൽ അപലപിച്ച് ഇന്ത്യ. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ ജയിലിലടച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. നടപടിയെ അപലപിച്ച വിദേശകാര്യ മന്ത്രാലയം, ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരവധി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഇസ്കോൺ സന്യാസിയായ ചിന്മയ് കൃഷ്ണ ദാസ് പ്രഭു. കഴിഞ്ഞ ദിവസം ധാക്ക വിമാനത്താവളത്തിൽ വച്ചായിരുന്നു ധാക്ക പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവരുടെ അവകാശം നിഷേധിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ മതതീവ്രവാദികൾ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രഭുവിന്റെ അറസ്റ്റ് നടന്നിരിക്കുന്നതെന്ന് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറയുന്നു. പ്രഭുവിന്റെ മോചനത്തിനായി സമാധാനപരമായി പ്രതിഷേധിച്ച മതന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തീയിടുകയും കൊള്ളയടിക്കുകയും ചെയ്യുക, ന്യനൂപക്ഷങ്ങളുടെ ആരാധനാലയങ്ങൾ നശിപ്പിക്കുക തുടങ്ങി ഡോക്യുമെൻ്റ് ചെയ്യപ്പെട്ട നിരവധി കേസുകൾ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.















