ചെന്നൈ: ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ നിയമനത്തിന് അർഹതയുള്ളൂ’ എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ക്ഷേത്രത്തിന്റെ ഫണ്ട് മാത്രം വിനിയോഗിച്ച് സ്ഥാപിതമായ കോളേജുകളിൽ ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ നിയമന വിജ്ഞാപനം ചോദ്യം ചെയ്ത് എ സുഹൈൽ എന്നയാൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
2021 ഒക്‌ടോബറിൽ ചെന്നൈയിലെ കപാലീശ്വർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ അസിസ്റ്റൻ്റ്, ജൂനിയർ അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റൻ്റ്, വാച്ച്മാൻ, ക്ലീനർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ജോയിൻ്റ് കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചു. തസ്തികകളിലേക്ക് ഹിന്ദുക്കൾ മാത്രമേ അപേക്ഷിക്കാവൂ എന്ന നിബന്ധനയുണ്ടായിരുന്നു . താൻ ജന്മം കൊണ്ട് മുസ്ലീം സമുദായത്തിൽ പെട്ടയാളാണ്.എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ഏർപ്പെടുത്തിയ നിബന്ധന കാരണം ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ തനിക്ക് യോഗ്യതയില്ല. അതിനാൽ ഈ വിജ്ഞാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എ സുഹൈൽ എന്നയാൾ ഹൈക്കോടതിയെ സമീപിച്ചു.
പ്രസ്തുത കോളേജ് ആരംഭിച്ചത് ക്ഷേത്രമാണെന്നും ഇത് എച്ച്ആർ & സിഇ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഭരിക്കുന്ന ഒരു മതസ്ഥാപനമാണെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് ഉത്തരവിൽ പറഞ്ഞു. നിയമത്തിന്റെ 10-ാം വകുപ്പ് അനുസരിച്ച്, കോളേജിലേക്കുള്ള ഏതൊരു നിയമനവും ഹിന്ദു മതസ്ഥനായ വ്യക്തിയായിരിക്കണം,” കോടതി പറഞ്ഞു.ഹരജിക്കാരന്റെ വാദങ്ങൾ നിരസിച്ച ജഡ്ജി, വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യ അവസരവും വിവേചനവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ വകുപ്പുകളുടെ കീഴിലല്ല കോളേജ് വരുന്നതെന്നും പറഞ്ഞു.















