തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനും ഇടതുപക്ഷത്തിനും പിന്തുണ നൽകിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ. മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുകയാണ്. പിണറായി വിജയനുമായി പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്നും കേരള അമീർ പി. മുജീബ് റഹ്മാൻ പ്രതികരിച്ചു. പിന്തുണയ്‌ക്കാതെ ഇരിക്കുമ്പോൾ ഭീകര സംഘടനയാക്കുന്ന സിപിഎമ്മിന്റെ സമീപനത്തെയാണ് ജമാഅത്തെ ഇസ്ലാമി ചോദ്യം ചെയ്തത്.
മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചു. പൂർവകാലത്തെ റദ്ദ് ചെയ്യുന്ന പ്രസ്താവനകളാണ് പിണറായി വിജയൻ നടത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി പിന്തുണ വ്യക്തികൾക്കോ സംഘടനകൾക്കോ ‘പതിച്ചുനൽകുന്ന’ സാഹചര്യം ഇതുവരെയുണ്ടായിട്ടില്ല. 1990ൽ, 2000 ൽ, 2006ൽ, 2009ൽ, 2011ൽ, 2015ൽ എല്ലാം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. ഇടതുനേതാക്കളുമായി സംസാരിച്ച് പരസ്പര ധാരണയുണ്ടാക്കിയ ശേഷമാണ് പിന്തുണച്ചത്.
പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തിരുന്നു. 2011ൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ച് പിണറയി വിജയനുമായി അന്നത്തെ അമീറായിരുന്നു ചർച്ച നടത്തിയത്. രാഷ്‌ട്രീയമായ ചർച്ചയിൽ മറ്റ് യാതൊരു ഉപാധിയും ഉണ്ടായിരുന്നില്ല.
പാലക്കാട് സിപിഎം എന്നോ, കോൺഗ്രസ് എന്നോ ഉള്ളത് ന്യൂനപക്ഷത്തിന്റെ പ്രശ്നമോ വിഷയമോ അല്ല, ബിജെപി കേരളത്തിൽ വിജയിക്കാൻ പാടില്ല എന്നതാണ് ന്യൂനപക്ഷത്തിന്റെ നിലപാട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ 3 എംപിമാർ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകൂടി വാങ്ങി വിജയിച്ചവരാണെന്ന് സിപിഎം ഓർക്കണം. ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതലാണോ ജമാഅത്തെ ഇസ്ലാമി ഭീകരസംഘടന ആയി മാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.
ഇൻഡി മുന്നണിയുമായി സിപിഎം ചേർന്നുപ്രവർത്തിക്കുന്ന അതേ സമീപനമാണ്, ബിജെപിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ മുസ്ലീങ്ങൾ സ്വീകരിച്ചത്. എന്നാൽ മുസ്ലീം സമൂഹത്തെയും ജമാഅത്തെ ഇസ്ലാമിയേയും ഭീകരവത്കരിക്കുന്ന സിപിഎമ്മിന്റെ നീക്കം കേരളത്തിന് ഗുണകരമല്ല. കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയിട്ടുണ്ട്. തള്ളിപ്പറഞ്ഞതിനാലാണ് പേര് പറയേണ്ടി വന്നത്. രാഷ്‌ട്രീയ സത്യസന്ധത എല്ലാവരും പുലർത്തണമെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.















