ന്യൂഡൽഹി: ബാലറ്റ് വോട്ടെടുപ്പ് പുനഃസ്ഥാപിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി. ഇവിഎം വഴിയുള്ള വോട്ടെടുപ്പിൽ ക്രമക്കേടും കൃത്രിമവും നടക്കുന്നുണ്ടെന്ന് ആരോപണങ്ങൾ ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയാണ് ജസ്റ്റിസ് വിക്രംനാഥ് അടക്കമുള്ള രണ്ടംഗ ബെഞ്ച് തള്ളിയത്.
തെരഞ്ഞെടുപ്പിൽ ‘ജയിച്ചാൽ കൃത്രിമത്വം ഇല്ല, തോൽക്കുമ്പോൾ കൃത്രിമത്വം ഉണ്ട്’ എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി പരിഹാസരൂപേണ ചോദിച്ചു. നിലവിലെ സാഹചര്യത്തിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകുന്നത് പ്രായോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഡോ. കെഎ പോളായിരുന്നു പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചന്ദ്രബാബു നായിഡു, ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയ നേതാക്കൾ പോലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സാധ്യതയെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന സമയത്ത് ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്ന് പറയുന്ന നായിഡുവോ റെഡ്ഡിയോ, തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ അത് പറയുന്നില്ലെന്നും ഈ സാഹചര്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.
നിരവധി വിദേശ രാജ്യങ്ങൾ പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ രീതികൾ ഇന്ത്യ പിന്തുടരണമെന്ന് നിർദ്ദേശിച്ചു. നമ്മൾ എന്തിനാണ് മറ്റ് രാജ്യങ്ങളെ പിന്തുടരുന്നത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഹർജിക്കാരന്റെ വാദങ്ങൾ വിശദമായി കേട്ട സുപ്രീംകോടതി പൊതുതാത്പര്യ ഹർജി തള്ളുകയും ചെയ്തു.















