ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിന്റെ പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ തേടി അലഹബാദ് ഹൈക്കോടതി. മൂന്ന് ആഴ്ചയ്‌ക്കുള്ളിൽ വിശദാംശങ്ങൾ നൽകാൻ ജസ്റ്റിസ് അത്താവു റഹ്മാൻ മസൂദി, ജസ്റ്റിസ് സുഭാഷ് വിദ്യാർഥി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
രാഹുലിന്റെ പൗരത്വത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എസ് വിഘ്നേഷ് ശിശിർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് . രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ശിശിർ ഹർജിയിൽ പറയുന്നു. പൗരത്വം നിയമപരമാണോ എന്ന് പരിശോധിക്കുന്നുവെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ സൂര്യഭാൻ പാണ്ഡെ കോടതിയെ അറിയിച്ചു. ഡിസംബർ 19 ന് അടുത്ത വാദം കേൾക്കും.
നേരത്തെയും രാഹുലിന്റെ പൗരത്വത്തെച്ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തിൽ പലരും രാജ്യത്തെ വിവിധ കോടതികളിൽ ഹർജി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതിയും പരിഗണിച്ചിട്ടുണ്ട്.















