കൊച്ചി: വഖ്ഫ് പ്രശ്നം പരിഹരിക്കാൻ പിന്തുണച്ചില്ലെങ്കിൽ എംപിമാർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ ആശങ്ക തിരിച്ചറിഞ്ഞ് കേരളീയരുടെ ഒപ്പം നിൽക്കാൻ എംപിമാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
18 യുഡിഎഫ് എംപിമാരും ഒരു എൽഡിഎഫ് എംപിയും ഇവിടെ നിന്നുള്ള മറ്റ് രാജ്യസഭാംഗങ്ങളും കേരളത്തിലെ ജനങ്ങളുടെ ആശങ്കയായ വഖ്ഫ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ പാർലമെന്റിൽ വഖ്ഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണം. കേവലം മുനമ്പത്തെ മാത്രം പ്രശ്നമല്ല, കേരളത്തിൽ പലയിടത്തും വഖ്ഫിന്റെ പേരിൽ ജനങ്ങൾക്ക് നോട്ടീസ് ലഭിച്ചുകഴിഞ്ഞു. നിരവധി ജനങ്ങൾ വഖ്ഫിന്റെ കുടിയിറക്കൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ ക്രൈസ്തവ സഭകൾ ഇതിനോടകം അവരുടെ നിലപാട് അറിയിച്ചുകഴിഞ്ഞു. വലിയ പ്രതിഷേധമാണ് മുനമ്പത്ത് നടന്നുകൊണ്ടിരിക്കുന്നത്. സമരം മറ്റിടത്തേക്കും വ്യാപിക്കാൻ പോവുകയാണ്. ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് നിലവിലുള്ളത്. അതിനാൽ കേരളത്തിലെ എംപിമാർ കേരളത്തിലെ ജനങ്ങളുടെ ആശങ്കയ്‌ക്കൊപ്പം നിലകൊള്ളണം. കുടിയിറക്കൽ ഭീഷണി നേരിടുന്ന ജനങ്ങൾക്കൊപ്പം എംപിമാർ നിലകൊള്ളണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. അതിന് തയ്യാറായില്ലെങ്കിൽ എംപിമാർക്കെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും. – കെ സുരേന്ദ്രൻ പറഞ്ഞു.
ആർക്കും എവിടെയും വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കാമെന്ന തരത്തിൽ വഖ്ഫ് നിയമത്തിൽ പരിഷ്കാരം വരുത്തിയത് യുപിഎ സർക്കാരായിരുന്നു. ഈ നിയമത്തെ മറികടക്കാനാണ് വഖ്ഫ് ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നതെന്നും അതിനാവശ്യമായ പിന്തുണയാണ് എംപിമാർ നൽകേണ്ടതെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.