ബെംഗളൂരു: നഴ്സിന്റെ വേഷത്തിലെത്തി നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കലബുർഗി ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ കടത്തിയത്. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.
സയിദ് ചിഞ്ചോളി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് യുവതികൾ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ രക്തപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് പറഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞുമായി ഇവർ റൂമിൽ നിന്നും പുറത്തുകടന്നത്.
ദമ്പതികളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവിയിൽ യുവതികൾ കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഹൈദരാബാദിലെ ആശുപത്രിയിൽ നിന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.