ബെംഗളൂരു: അസം സ്വദേശിയായ യുവതിയെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്ലോഗർ മായ ഗൊഗോയിയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ റോയൽ ലിവിംഗ്സ് അപ്പാർട്ട്മെന്റിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് യുവതിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ആരവ് രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. ശരീരമാസകലം കുത്തേറ്റ് ചോര വാർന്നാണ് യുവതി മരിച്ചത്. ഇക്കഴിഞ്ഞ 23-നാണ് ഇരുവരും സർവീസ് അപ്പാർട്ട്മെന്റിൽ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം യുവാവ് ഒരു ദിവസം മുഴുവൻ മുറിയിൽ കഴിഞ്ഞതായാണ് നിഗമനം. അടുത്ത ദിവസം വൈകുന്നേരം അപ്പാർട്ട്മെന്റിൽ നിന്നും ഇയാൾ പുറത്തേക്ക് പോയെന്ന് അപ്പാർട്ട്മെന്റിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.
യുവതിയുടെ നെഞ്ചിൽ ആഴത്തിലുള്ള ഒന്നിലധികം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി കേരളത്തിലേക്ക് കടന്നിരിക്കാമെന്നും തെരച്ചിൽ പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.















