കൊൽക്കത്ത: ബംഗ്ലാദേശിൽ ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ബിജെപി നേതാക്കൾ. പശ്ചിമ ബംഗാൾ നിയമസഭാ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നിയമസഭയ്‌ക്ക് പുറത്ത് ബിജെപിയുടെ പ്രതിഷേധ പ്രകടനം നടന്നു.
അറസ്റ്റിനെതിരെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം സംഭവത്തിൽ ഹിന്ദു ജാഗരൺ മഞ്ച് 28-ാം തീയതി വൻപ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. “യൂനുസ് അധികാരം ഒഴിയണം. ഇതൊരു നിയമവിരുദ്ധ സർക്കാരാണ്. അറസ്റ്റിനെതിരെ എല്ലാ ഹിന്ദുക്കളും തെരുവിലിറങ്ങണം. ഇത് വെറുമൊരു പ്രതിഷേധമല്ല, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്,” ബിജെപി നേതാവ് പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരവധി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഇസ്കോൺ സന്യാസിയായ ചിന്മയ് കൃഷ്ണ ദാസ് പ്രഭു. കഴിഞ്ഞ ദിവസം ധാക്ക വിമാനത്താവളത്തിൽ വച്ചായിരുന്നു ധാക്ക പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശിന്റെ നീക്കത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സന്യാസിയുടെ മോചനത്തിനായി സമാധാനപരമായി പ്രതിഷേധിച്ച മതന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.















