ന്യൂഡൽഹി: വോട്ടിംഗ് മെഷീന്റെ പേരിൽ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളെ അവഹേളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാൽ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെയും പാവപ്പെട്ടവരുടെയും വോട്ടുകൾ പാഴായി പോകുമെന്നായിരുന്നു ഖാർഗെയുടെ വാക്കുകൾ.
വോട്ടിംഗ് മെഷീനുകൾ വേണ്ടെന്നും ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്നുമാണ് ഖാർഗെയുടെ ആവശ്യം. ഇക്കാര്യം പരാമർശിക്കുന്നതിനിടെയാണ് ഖാർഗെ വിചിത്രവാദവും ഉന്നയിച്ചത്. ബാലറ്റ് പേപ്പറിൽ നിന്നും വോട്ടിംഗ് മെഷീനിലേക്കുള്ള പരിണാമം രാജ്യത്തെ സാധാരണക്കാരെയും ദുർബല വിഭാഗങ്ങളെയും സാങ്കേതികമായി ശാക്തീകരിക്കുന്നതു കൂടിയായിരുന്നു. ഇതിനെയാണ് ഖാർഗെ അവഹേളിച്ചത്. ഇവർക്ക് ഇതുപയോഗിക്കാൻ പ്രാപ്തിയില്ലെന്ന സൂചന കൂടിയാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ വാക്കുകളിലുളളത്.
ഉൾഗ്രാമങ്ങളിലുളളവർക്ക് പോലും വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തേണ്ട വിധത്തെക്കുറിച്ച് കൃത്യമായ പരിശീലനം ഓരോ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാറുണ്ട്. വസ്തുത ഇതായിരിക്കെയാണ് അത് മറച്ചുവെച്ച് കോൺഗ്രസ് അദ്ധ്യക്ഷന്റെ ആക്ഷേപം. തൽക്കത്തോറ സ്‌റ്റേഡിയത്തിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
വോട്ടിംഗ് മെഷീനുകൾ അമിത് ഷായുടെയും മോദിയുടെയും വീടുകളിൽ കൊണ്ടുപോയി വച്ചാൽ മതിയെന്നും ഖാർഗെ പറഞ്ഞു. ബാലറ്റ് പേപ്പർ വരട്ടെ അപ്പോൾ അറിയാം ബിജെപിയും എൻഡിഎയും എവിടെ നിൽക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു. മഹാരാഷ്‌ട്രയിൽ കോൺഗ്രസിന് നേരിട്ട വമ്പൻ പരാജയത്തിന് പിന്നാലെയാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ വാക്കുകൾ.
കോൺഗ്രസ് ഉൾപ്പെട്ട മഹായുതി സഖ്യത്തിന് 46 സീറ്റുകൾ മാത്രമാണ് ഇവിടെ ലഭിച്ചത്. ഇതിൽ കോൺഗ്രസിന് 16 സീറ്റുകൾ മാത്രമാണ് കിട്ടിയത്. ബാലറ്റ് പേപ്പറുകൾ പുനസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി തളളിയതിന് പിന്നാലെയാണ് ഖാർഗെയുടെ അഭിപ്രായമെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം വോട്ടിംഗ് മെഷീനിൽ കൃത്രിമം ആരോപിക്കുന്നത് എന്തിന്റെ പേരിലാണെന്നും കോടതി ചോദിച്ചിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് ഭാരത് ജോഡോ യാത്രയുടെ രീതിയിൽ രാഹുലിനെ മുന്നിൽ നിർത്തി റാലി നടത്തുമെന്നും രാജ്യവ്യാപക കാമ്പെയ്ൻ ആരംഭിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. എന്നാൽ ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗിച്ചതിനെ കോൺഗ്രസ് വിമർശിക്കാത്തത് ഇതിനോടകം രാജ്യത്ത് ചർച്ചയാണ്.
മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ന്യൂനപക്ഷ സർക്കാരാണെന്ന വാദവും കോൺഗ്രസ് അദ്ധ്യക്ഷൻ ആവർത്തിച്ചു. 2024 ലെ തെരഞ്ഞെടുപ്പിൽ 2014 ലെയും 2019 ലെയും പോലെ ജനങ്ങൾ അവർക്ക് ഭൂരിപക്ഷം നൽകിയില്ല. ഇപ്പോൾ അവർ ഭൂരിപക്ഷ സർക്കാരല്ല, ന്യൂനപക്ഷ സർക്കാരാണ്. അവരുടെ ഒരു കാൽ ചന്ദ്രബാബു നായിഡുവിന്റെയും മറ്റേ കാൽ നിതീഷ് കുമാറിന്റെയും കൈകളിലാണ്. പ്രധാനമന്ത്രി സഞ്ചരിക്കുന്നത് ഈ രണ്ട് കാലുകളും ഉപയോഗിച്ചാണ്. ആരെങ്കിലും ഒരാൾ കാല് വലിച്ചാൽ സർക്കാർ താഴെ വീഴുമെന്നും ഖാർഗെ പരിഹസിച്ചു.
മോദി രാജ്യത്തെ കൊളളയടിക്കുകയാണെന്നും അംബാനിക്കും അദാനിക്കും വഴിവിട്ട സഹായങ്ങൾ നൽകുകയാണെന്നുമുളള പതിവ് ആരോപണങ്ങളും ഖാർഗെ ആവർത്തിച്ചു.















