ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്രീക് ഇ- ഇൻസാഫ് (പിടിഐ) അനുയായികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പാരാമിലിട്ടറി ജവാന്മാരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ടിയർഗ്യാസ് പ്രയോഗവും റബ്ബർ ബുള്ളറ്റ് വെടിവെപ്പും പൊലീസ് നടത്തിയിരുന്നു. തുടർന്നാണ് മരണം റിപ്പോർട്ട് ചെയ്തത്. ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ പാക് ഭരണകൂടം ഷൂട്ട്-അറ്റ്-സൈറ്റ് (“Shoot-At-Sight”) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമികളെ ‘കണ്ടാൽ ഉടൻ വെടിവച്ച്’ വീഴ്‌ത്തണമെന്നാണ് നിർദേശം.
ഇതൊരു സമാധാനപരമായ പ്രതിഷേധമല്ലെന്നും തീവ്രവാദമാണ് നടക്കുന്നതെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിമർശിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമല്ല കൊല്ലപ്പെട്ടതെന്നും രണ്ട് പ്രതിഷേധക്കാരുടെ ജീവൻ നഷ്ടമായെന്നുമാണ് പിടിഐ വക്താവ് സുൽഫിക്കർ ബുഖാരിയുടെ അവകാശവാദം. പ്രതിഷേധക്കാരിൽ ഒരാൾ വെടിയേറ്റ് മരിച്ചതായും മറ്റൊരാളെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചതായും ബുഖാരി പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്ലാമാബാദിലേക്ക് എത്തിയ പിടിഐ നേതാക്കൾ, ഇമ്രാൻഖാൻ ജയിൽ മോചിതനാകുന്നതുവരെ നഗരത്തിൽ തന്നെ തുടരുമെന്നാണ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഡി-ചൗക്കിലാണ് പ്രതിഷേധക്കാർ നിലവിലുള്ളത്. ഖാൻ ജയിൽ മോചിതനാക്കുന്നതുവരെ ഇവിടെ തുടരുമെന്നാണ് പിടിഐ പ്രവർത്തകരുടെ ആഹ്വാനം.















