ന്യൂയോർക്ക്: വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള യുഎസ്-ഫ്രാൻസ് നിർദ്ദേശങ്ങൾ ഇസ്രായേലും ലെബനനും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വളരെ സന്തോഷം നൽകുന്ന വാർത്തയാണിതെന്നും, യുഎസ് നിർദ്ദേശം അംഗീകരിച്ച ലെബനനിലെയും ഇസ്രായേലിലെയും പ്രധാനമന്ത്രിമാരുമായി താൻ സംസാരിച്ചതായും ജോ ബൈഡൻ വ്യക്തമാക്കി.
സമൂഹമാദ്ധ്യമത്തിലൂടെയാണ് വെടിനിർത്തൽ കരാർ ഇരുപക്ഷവും അംഗീകരിച്ചുവെന്ന കാര്യം ജോ ബൈഡൻ ഏവരേയും അറിയിച്ചത്. ഈ പ്രഖ്യാപനം നടത്തുന്നതിൽ താൻ വളരെ സന്തോഷവാനാണെന്നും, വിനാശകരമായ ഒരു ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള യുഎസ് നിർദേശം അവർ അംഗീകരിച്ചതായും ബൈഡൻ പറയുന്നു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ ഈ നീക്കം സഹായിച്ചേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം നാല് മണിയോടെയാകും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നത്.
നയതന്ത്ര തലത്തിൽ ആഴ്ചകളോളം തുടർച്ചയായി നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടതെന്ന് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ” ആഴ്ചകളോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിൽ അത് ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്. ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ നടപ്പിലായിരിക്കുകയാണ്. ഈ കരാർ ലെബനനിലെ ഹിസ്ബുള്ള ഭീകരരുടെ ഭീഷണിയിൽ നിന്ന് ഇസ്രായേലിനെ സുരക്ഷിതമാക്കുകയും, ഇരുപക്ഷത്തും സമാധാനം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും. ഇരുപക്ഷത്തുമുള്ളവർക്ക് ഇനി സമാധാനമായി അവരുടെ വീടുകളിലേക്ക് മാറാം.
കരാർ നടപ്പിലാക്കാൻ അമേരിക്കയും ഫ്രാൻസും ഇസ്രായേലിനും ലെബനനും ഒപ്പം ചേർന്ന് പ്രവർത്തിക്കും. സമാധാനശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുപോകാൻ അമേരിക്കയും ഫ്രാൻസും പ്രതിജ്ഞാബദ്ധരാണെന്നും” പ്രസ്താവനയിൽ പറയുന്നു. കരാർ നടപ്പിലാക്കുന്നതിലെ യുഎസ് പങ്കാളിത്തത്തിന് നന്ദി അറിയിച്ച് ഇസ്രായേലും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നതായി ലെബനന്റെ പ്രധാനമന്ത്രി നജീബ് മികാട്ടിയും അറിയിച്ചിട്ടുണ്ട്.















