കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
തെളിവുകൾ ശേഖരിക്കാൻ ആത്മാർത്ഥമായ ശ്രമം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ സിപിഎം നേതാവ് പി.പി ദിവ്യയെ രക്ഷിച്ചെടുക്കാനുളള തത്രപ്പാടിലാണ് പ്രത്യേക അന്വേഷണസംഘമെന്നും ഹർജിയിലുണ്ട്.
സംഭവത്തിൽ ഇനിയും പൊലീസ് അന്വേഷണം നടത്തുന്നതിൽ പ്രതീക്ഷയില്ല. കേസിൽ ആഴത്തിലുള്ള അന്വേഷണം ഉണ്ടാകണം. കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണം. സിബിഐ അന്വേഷണം വേണമെന്നും നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ നിലപാടിൽ സംസ്ഥാന സർക്കാർ എന്തുസമീപനം സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.