ന്യൂഡൽഹി: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പരാജയത്തിന് പിന്നാലെ തനിക്കെതിരെ ശിവസേന(ഉദ്ധവ് പക്ഷം) നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ മുൻ സുപ്രീംകോടതി ഡി വൈ ചന്ദ്രചൂഡ് കൈകാര്യം ചെയ്തതിലെ പാളിച്ചയാണ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയുടെ പരാജയത്തിന് കാരണമായതെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ആരോപണം.
എന്നാൽ സുപ്രീംകോടതി ഏത് കേസ് പരിഗണിക്കണമെന്നത് തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസ് ആണെന്നും അല്ലാതെ ഒരു കക്ഷിയോ രാഷ്‌ട്രീയ പാർട്ടിയോ അല്ലെന്നും ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ” ഈ വർഷം മുഴുവനും ഭരണഘടനാപരമായ പല കേസുകളും കൈകാര്യം ചെയ്തു. ജഡ്ജിമാരുടെ ഒമ്പതംഗ ബെഞ്ചും, ഏഴംഗ ബെഞ്ചും, അഞ്ചംഗ ബെഞ്ചുമെല്ലാം ഈ കേസുകൾ കൈകാര്യം ചെയ്തു. സുപ്രീംകോടതി ഏത് കേസ് പരിഗണിക്കണമെന്ന് ഏതെങ്കിലും വ്യക്തിയോ രാഷ്‌ട്രീയ പാർട്ടിയോ ആണോ തീരുമാനിക്കുന്നത്? എന്നാൽ അങ്ങനെയല്ല അതിനുള്ള അധികാരം പൂർണമായും ചീഫ് ജസ്റ്റിസിനുള്ളതാണെന്നും” അദ്ദേഹം വ്യക്തമാക്കി.
കൂറുമാറിയ എംഎൽമാരുടെ ഹർജികളിൽ ഡി വൈ ചന്ദ്രചൂഡ് വിധി പറയാതെ മാറ്റിവച്ചുവെന്നും, നേതാക്കൾക്ക് നിയമത്തിന് മേലുള്ള ഭയം ഇല്ലാതെയായെന്നുമായിരുന്നു സഞ്ജയ് റാവത്ത് ആരോപിച്ചത്. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായി 94 സീറ്റുകളിൽ മത്സരിച്ച ശിവസേനയ്‌ക്ക്(ഉദ്ധവ് പക്ഷം) 20 എണ്ണത്തിൽ മാത്രമാണ് വിജയം നേടാനായത്. കോടതിയിൽ നിന്ന് കേസുകൾ വൈകിപ്പിച്ചത് തോൽവിക്ക് കാരണമായെന്നാണ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ സുപ്രീംകോടതിയിൽ 20 വർഷമായി കെട്ടിക്കിടക്കുന്ന കേസുകൾ വരെ ഉണ്ടെന്നും, പരമാവധി വേഗത്തിൽ തന്നെ കേസുകളിൽ തീർപ്പ് കൽപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും ചന്ദ്രചൂഡ് പറയുന്നു. കോടതിയിലെ ജഡ്ജിമാരുടെ എണ്ണവും, അതിനനുസരിച്ച് കൈകാര്യം ചെയ്യേണ്ട കേസുകളും ബാലൻസ് ചെയ്ത് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ആർട്ടിക്കിൾ 370, അയോദ്ധ്യ, ശബരിമല തുടങ്ങിയ കേസുകളിൽ രാഷ്‌ട്രീയ സമ്മർദ്ദമുണ്ടായെന്ന വാദങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു. രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നുവെങ്കിൽ അത്തരം കേസുകളിൽ തീരുമാനങ്ങൾ സ്വീകരിക്കാൻ സുപ്രീംകോടതിക്ക് കാലതാമസം എടുക്കേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.