തിരുവനന്തപുരം: മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ചമച്ചുവിട്ട വ്യാജവാർത്തയിൽ ക്ഷമാപണവുമായി ‘ദ വയർ’. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ കണക്കുകൾ പുറത്ത് വിട്ടതോടെയാണ് ദ വയറിന്റെ കള്ളി പൊളിഞ്ഞത്. മഹാരാഷ്‌ട്രയിൽ നടന്ന ഇലക്ഷനിൽ ആകെ പോൾ ചെയ്ത വോട്ടുകളെക്കാൾ 5 ലക്ഷം വോട്ടുകൾ കൂടുതൽ എണ്ണിയെന്നായിരുന്നു ഇവരുടെ ആരോപണം.
ഈ വാർത്ത കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. മഹാരാഷ്‌ട്രയിൽ ഇവിഎം അട്ടിമറി നടന്നുവെന്ന കോൺഗ്രസിന്റെ വ്യാജ ആരോപണങ്ങൾ പിന്തുണച്ചുകൊണ്ട് മലയാളത്തിലെ മാദ്ധ്യമങ്ങളും ഇത് സംബന്ധിച്ച് വാർത്ത നൽകുകയും ചെയ്തു. ഇലക്ഷൻ നടപടിക്രമങ്ങൾ എന്താണെന്ന് വലിയ ധാരണ ഇല്ലാത്ത ഏതൊരു സാധാരണക്കാരനെയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയായിരുന്നു ഇത്. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ നിരവധി തവണ വ്യാജ വാർത്തകൾ ചമച്ചുവിടുകയും, ദേശവിരുദ്ധ ശക്തികളിൽ നിന്ന് പണം സ്വീകരിച്ചതിന് അന്വേഷണം നേരിടുന്ന സ്ഥാപനമാണ് ദ വയർ എന്ന വസ്തുത മറച്ചുവച്ചാണ് കേരള മാദ്ധ്യമങ്ങൾ വാർത്തയുടെ വസ്തുത പോലും അന്വേഷിക്കാതെ ഈ റിപ്പോർട്ട് അതേ പടി പകർത്തിയത്.
തോൽക്കുമ്പോൾ മാത്രം വോട്ടിങ് മെഷീനുകളെ പഴിക്കുന്ന ഇൻഡി മുന്നണിയുടെ നിലപാടിനെതിരെ സുപ്രീംകോടതിയും ഇന്നലെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വലിയ കോളിളക്കം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് ദ വയർ വ്യാജ വാർത്ത പുറത്ത് വിട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ യഥാർത്ഥ വസ്തുത എന്താണെന്ന് വ്യക്തമാക്കി കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവന ഇറക്കി. അക്കമിട്ട് ഓരോ അസംബ്ലി മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകളും തപാൽ ബാലറ്റുകളുടേയുമെല്ലാം കണക്ക് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ടു.
തെളിവുകൾ സഹിതം വിശദമായ കുറിപ്പ് പുറത്ത് വന്നതോടെ പുറത്ത് വിട്ട വയർ ലേഖനത്തിന്റെ തലക്കെട്ട് എഡിറ്റ് ചെയ്ത്, അതിലൊരു ക്ഷമാപണവും ചേർക്കുകയാണ് ദ വയറിന്റെ അധികാരികൾ ചെയ്തത്. എന്നാൽ കേരളത്തിലെ മാദ്ധ്യമങ്ങൾ ഇപ്പോഴും അത് തിരുത്താൻ തയ്യാറായിട്ടില്ല. യഥാർത്ഥ വസ്തുത പുറത്ത് വന്നിട്ടും മണിക്കൂറുകളോളം വ്യാജ വാർത്ത ആഘോഷിച്ചവർ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാനോ അടിസ്ഥാനപരമായ മാദ്ധ്യമധർമ്മം പാലിക്കാനോ തയ്യാറായിട്ടില്ലെന്ന വിമർശനം ശക്തമായിക്കഴിഞ്ഞു.















