തിരുവനന്തപുരം: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടുകളെക്കാൾ 5 ലക്ഷം വോട്ടുകൾ കൂടുതൽ എണ്ണിയെന്ന ദ് വയർ വാർത്തയുടെ ചുവടുപിടിച്ച് ബിജെപിക്കെതിരെ ബ്രേക്കിംഗ് ന്യൂസ് നൽകിയ മലയാള മാദ്ധ്യമങ്ങൾ മാദ്ധ്യമ ധർമ്മമാണ് കാറ്റിൽ പറത്തിയതെന്ന് ബിജെപി കേരള ഘടകം. സംഘടനയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ മഹാരാഷ്‌ട്ര വാർത്തയുടെ സത്യാവസ്ഥ വ്യക്തമാക്കി പുറത്തുവിട്ട വിശദമായ പ്രസ്താവനയിലാണ് മാദ്ധ്യമങ്ങളുടെ കരുതിക്കൂട്ടിയുളള സംഘടിത ആക്രമണം ബിജെപി ചൂണ്ടിക്കാട്ടിയത്.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ബിജെപിക്കെതിരെ വ്യാജ വാർത്തകളുടെ പ്രവാഹമാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനും പാർട്ടിക്കുളളിൽ ചേരിപ്പോരെന്ന് വരുത്തിതീർക്കാനും മാദ്ധ്യമങ്ങൾ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങൾ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ദ് വയർ മാദ്ധ്യമത്തിന്റെ പച്ചനുണ ഏറ്റെടുത്ത് മലയാളം ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെ വ്യാജ വാർത്ത നൽകിയത്. വാർത്തയിൽ വസ്തുതാപരമായ പിശക് സംഭവിച്ചതായി വ്യക്തമാക്കി ദ് വയർ ക്ഷമാപണം നടത്തിയിട്ടും മലയാള മാദ്ധ്യമങ്ങൾ തിരുത്താൻ തയ്യാറായില്ലെന്ന് ബിജെപി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വ്യാജ വാർത്ത പുറത്ത് വിട്ട ദ് വയർ ലേഖനത്തിന്റെ തലക്കെട്ട് എഡിറ്റ് ചെയ്ത് ക്ഷമാപണവും ചേർത്തിട്ടും, ചില മാദ്ധ്യമങ്ങൾ ഇതുവരെ തിരുത്താൻ കൂടി ശ്രമിച്ചിട്ടില്ലെന്ന് പ്രസ്താവനയിൽ ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി. യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത വയർ പോലെ ഒരു സ്ഥാപനത്തിന്റെ വ്യാജവാർത്ത ആഘോഷിച്ച മലയാള മാദ്ധ്യമങ്ങളുടെ മാദ്ധ്യമ ധർമത്തോടുള്ള കൂറ് എത്രയാണെന്ന് ഈ നാട്ടിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്.
ഒരു വാർത്ത നൽകും മുൻപ് അതിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാനുള്ള ഏറ്റവും അടിസ്ഥാനമായ മാദ്ധ്യമ ധർമമാണ് ഇവിടെ കാറ്റിൽ പറത്തിയത്. മാദ്ധ്യമങ്ങളെ സന്തോഷിപ്പിക്കുന്ന നിലപാടുകൾ എടുക്കാത്തതുകൊണ്ട് അവർക്കുള്ള പക വീട്ടുകയാണ്. കേരള മാദ്ധ്യമങ്ങൾ ഇവിടുത്തെ ഇൻഡി മുന്നണിയുടെ ചട്ടുകമാകുകയാണെന്നും ബിജെപി ആരോപിച്ചു.
വയർ സൃഷ്ടിച്ച വ്യാജ വാർത്തയ്‌ക്ക് മണിക്കൂറുകളുടെ ആയുസ് പോലും ഇല്ലായിരുന്നു. വസ്തുത വ്യക്തമാക്കി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പ് ഇറക്കിയതോടെ ഈ വാർത്തയിലെ പൊളളത്തരം തെളിഞ്ഞു. കേന്ദ്രസർക്കാരിനെതിരെയും, ബിജെപിയ്‌ക്ക് എതിരെയും നിരവധി തവണ വ്യാജ വാർത്തകൾ ചമച്ചുവിട്ട, ദേശവിരുദ്ധ ശക്തികളിൽ നിന്നും പണം സ്വീകരിച്ചതിനു അന്വേഷണം നേരിടുന്ന ക്രെഡിബിലിറ്റി നഷ്ടപ്പെട്ട ഒരു മാദ്ധ്യമ സ്ഥാപനമാണ് ദ് വയർ എന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി. ഇലക്ഷൻ നടപടിക്രമങ്ങൾ എന്താണെന്ന് വലിയ ധാരണ ഇല്ലാത്ത ഏതൊരു സാധാരണക്കാരനെയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയായിരുന്നു ഇത്. ഇന്നലെ മുഴുവൻ കേരള മാദ്ധ്യമങ്ങൾ ഈ വാർത്ത ആഘോഷിക്കുകയായിരുന്നുവെന്നും ബിജെപി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ദ് വയറിന്റെ ആരോപണങ്ങൾ പൊളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിശദാംശങ്ങൾ മലയാളത്തിൽ വിശദമായി രേഖപ്പെടുത്തിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കുറിപ്പ്. മഹാരാഷ്‌ട്രയിൽ പോൾ ചെയ്ത 5 ലക്ഷത്തിൽ അധികം വരുന്ന പോസ്റ്റൽ ബാലറ്റുകളുടെ കണക്ക് ഒളിച്ചു വച്ചാണ് ദ് വയർ വ്യാജ വാർത്ത പുറത്തുവിട്ടത്.
മഹാരാഷ്‌ട്രയിലെ ഇവിഎം ൽ 288 അസംബ്ലി മണ്ഡലങ്ങളിലും ആകെ പോൾ ചെയ്ത വോട്ടുകൾ 6,40,88,195 ആണ്, എന്നാൽ മൊത്തം പോൾ ചെയ്ത വോട്ടുകൾ എന്നത് ഇവിഎമ്മിൽ പോൾ ചെയ്ത 6,40,88,195 വോട്ടുകൾക്കൊപ്പം 5,38,225 സാധുവായ തപാൽ ബാലറ്റുകളും ചേർക്കുമ്പോൾ കിട്ടുന്ന 6,46,26,420 വോട്ടുകൾ ആണ്. തപാൽ ബാലറ്റുകൾ ഉൾപ്പെടെ 6,45,92,508 വോട്ടുകളാണ് വോട്ടെണ്ണൽ ദിവസം എണ്ണിയത്. ഇതിൽ തപാൽ വോട്ടുകളുടെ കണക്കുകൾ മറച്ചുവെച്ച് അഞ്ച് ലക്ഷം അധികവോട്ടുകൾ എണ്ണിയെന്ന വാർത്ത ദ് വയർ പ്രസിദ്ധീകരിക്കുകയായിരുന്നു.