ഫേഷ്യൽ റെകഗ്നിഷൻ അഥവാ മുഖം വച്ചാകും മിക്ക ഫോണുകളുടെയും ലോക്ക് അഴിക്കുക. എന്നാൽ ഫേഷ്യൽ റെകഗ്നിഷൻ ഇല്ലാതെ ഒരാളെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പേറ്റന്റ് നേടിയിരിക്കുകയാണ് ആപ്പിൾ. ആളുകളെ അവരുടെ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി തിരിച്ചറിയാൻ സാധിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ.
ശരീരത്തിന്റെയോ അവർ ധരിക്കുന്ന വസ്ത്രത്തിന്റെയോ ചിത്രങ്ങൾ ഉപയോഗിച്ച് വരെ ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നു. ഫേഷ്യൽ റെഗ്നിഷൻ പോലെ ‘ബോഡിപ്രിൻ്റിനെ’ ആശ്രയിച്ചായിരിക്കും സുരക്ഷാ ക്യാമറ പ്രവർത്തിക്കുക. യുഎസ് പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് (USPTO) ഇത് സംബന്ധിച്ച് പേറ്റൻ്റ് ഡോക്യുമെൻ്റ് പ്രസിദ്ധീകരിച്ചു. ഇനി മുതൽ ആപ്പിളിന്റെ ക്യാമറയ്‌ക്ക് മുഖം മാത്രമല്ല ശാരീരിക സവിശേഷതകളും തിരിച്ചറിയാൻ സാധിക്കും.

വാൾ മൗണ്ട് ടാബ്‌ലെറ്റിൽ മുതൽ സ്മാർട്ട് ഹോം മേഖലയിൽ വരെ വിപ്ലവം സൃഷ്ടിക്കാൻ പുത്തൻ സാങ്കേതികവിദ്യക്ക് സാധിക്കും. ഒരു ഉപയോക്താവിന്റെ വസതിയിലേക്ക് വരുന്നവരുടെ ശാരീരിക സവിശേഷതകൾ ക്യാമറ പിടിച്ചെടുക്കുന്നു. കുറച്ചധികം കാലത്തേക്കാകും ക്യാമറ വിവരങ്ങൾ ഒപ്പിയെടുക്കുക. പതിവിൽ നിന്ന് വ്യത്യസ്തമായൊരാൾ എത്തിയാൽ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാൻ സിസ്റ്റത്തിന് സാധിക്കും. ഐഫോൺ, ഐപാഡ്, ആപ്പിൾ ടിവി എന്നിവ ഉപയോഗിച്ച് സുരക്ഷാ ക്യാമറയുടെ ഫീഡ് കാണാൻ സാധിക്കും.















