ന്യൂഡൽഹി: ട്രെയിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണത്തിന് ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങി റഷ്യ. കഴിഞ്ഞയാഴ്‌ച റഷ്യൻ റെയിൽ കമ്പനിയായ TMH ഈ മേഖലയിലെ പദ്ധതിക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിലവിലെ പലിശ നിരക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതിനാൽ, ഇന്ത്യയിൽ നിക്ഷേപം നടത്താൻ തങ്ങൾക്ക് താൽപ്പര്യമുണ്ടെന്നാണ് ടിഎംഎച്ച് സിഇഒ കിറിൽ ലിപ പറഞ്ഞത്.
ഇന്ത്യയിൽ നിക്ഷേപം നടത്താനും അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കാനും താൽപര്യമുണ്ടെന്ന് കിറിൽ ലിപ പറഞ്ഞു. നിർമാണ യൂണിറ്റ് ആരംഭിച്ചാൽ അസംസ്‌കൃത വസ്തുക്കൾ ഉൾപ്പെടെ ഞങ്ങൾക്ക് തന്നെ നൽകാനാകും. ഉൽപ്പന്നത്തിന് റഷ്യൻ വിപണിയിൽ തന്നെ സാധ്യത കണ്ടെത്താനും കഴിയുമെന്ന് കിറിൽ ലിപ കൂട്ടിച്ചേർത്തു.
ഇന്ത്യയും റഷ്യയുമായി നിലവിൽ ധാരാളം ഇറക്കുമതി, കയറ്റുമതി കരാറുകൾ ഉണ്ട്. ഇന്ത്യയിലെ വിതരണക്കാരുമായി റഷ്യയ്‌ക്ക് പണ്ടു മുതൽ നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ പദ്ധതി നടപ്പിലായാൽ ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് കൂടുതൽ സാധനങ്ങൾ ഇറക്കുമതി നടത്താനുളള അവസരവുമൊരുങ്ങുമെന്നും കിറിൽ ലിപ ചൂണ്ടിക്കാട്ടി.